ഉറി കരസേനാ താവളത്തില്‍ ആക്രമണം നടത്തിയ ഭീകരരില്‍ ഒരാളുടെ ചിത്രം പുറത്ത്

203

ശ്രീനഗര്‍• കശ്മീരിലെ ഉറി കരസേനാ താവളത്തില്‍ ആക്രമണം നടത്തിയ ഭീകരരില്‍ ഒരാളുടെ ചിത്രം പുറത്ത്. ഭീകരരില്‍നിന്നും പിടിച്ചെടുത്ത ആയുധങ്ങളുടെയും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.സൈനിക താവളത്തിലുണ്ടായ ആക്രമണത്തില്‍ 17 സൈനികരാണ് വീരമൃത്യു വരിച്ചത്. ശ്രീനഗറില്‍നിന്നു 70 കിലോമീറ്റര്‍ അകലെ നിയന്ത്രണരേഖയോടു ചേര്‍ന്ന സേനാ താവളത്തില്‍ ഞായറാഴ്ച രാവിലെ അഞ്ചരയോടെയാണു ഭീകരാക്രമണം. മൂന്നുമണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ നാലു ഭീകരരെയും സൈന്യം വധിച്ചു.
പാക്കിസ്ഥാന്‍ ആസ്ഥാനമായ ജയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയത്.ഭീകരാക്രമണത്തിനിടെ ടെന്റുകളില്‍ തീപടര്‍ന്നാണു സൈനികരിലേറെയും മരിച്ചത്. ദോഗ്ര റജിമെന്റിലെ ജവാന്‍മാര്‍ കൂടാരങ്ങളില്‍ ഉറങ്ങുമ്ബോള്‍ സൈനികവേഷത്തില്‍ സേനാതാവളത്തില്‍ കടന്ന ഭീകരര്‍ മൂന്നു മിനിറ്റില്‍ 17 ഗ്രനേഡുകളാണു പ്രയോഗിച്ചത്. തുടര്‍ന്നുണ്ടായ സ്ഫോടനങ്ങളില്‍ കൂടാരങ്ങളിലേക്കും തൊട്ടടുത്ത ബാരക്കുകളിലേക്കും തീപടരുകയായിരുന്നു.കശ്മീരില്‍ സൈന്യത്തിനുനേരെ നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. വീരമൃത്യു വരിച്ചവരിലേറെയും ബിഹാര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള സൈനികരാണ്. ഉറി പട്ടണത്തില്‍ കരസേനയുടെ ബ്രിഗേഡ് ആസ്ഥാനത്തുനിന്ന് ഏതാനും മീറ്ററുകള്‍ മാത്രം അകലെയാണു സേനാതാവളം.

NO COMMENTS

LEAVE A REPLY