ഉറി ഭീകരാക്രമണത്തില്‍ പാകിസ്താന്‍റെ പങ്ക് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തും

220

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തില്‍ പാകിസ്താന്‍റെ പങ്ക് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇതിനുവേണ്ടി ദേശീയ അന്വേഷണ ഏജന്‍സിയും മിലിട്ടറി ഇന്റലിജന്‍സും ചേര്‍ന്ന് ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സംബന്ധിച്ച തെളിവുകള്‍ ശേഖരിച്ചുതുടങ്ങി.പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദാണ് ഭീകരാക്രമണം നടത്തിയതെന്ന് മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. പാകിസ്താന്റെ അടയാളമുള്ള ആയുധങ്ങളുമായാണ് ഭീകരര്‍ ആക്രമണത്തിന് എത്തിയത്.പാക് ഭരണകൂടത്തിന്റെ പിന്തുണയോടെ ആയിരുന്നു ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഇന്ത്യയുടെ പ്രതികരണം പാക് സൈനിക മേധാവികളെ അറിയിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.നവംബര്‍ 9, 10 തീയതികളില്‍ ഇസംലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പാകിസ്താനെതിരായ തെളിവുകള്‍ നിരത്താനാണ് ഇന്ത്യ ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പങ്കെടുക്കാനിടയില്ലെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സപ്തംബര്‍ 26 ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയിലും ഉറി ഭീകരാക്രമണത്തില്‍ പാകിസ്താനുള്ള പങ്ക് ഇന്ത്യ വ്യക്തമാക്കും.
കശ്മീരിലെ ഉറി സൈനിക താവളത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭീകരാക്രമണത്തില്‍ 17 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ആക്രമണം നടത്തിയ നാല് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട സൈനികരുടെയെണ്ണം 20 ആയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുവെങ്കിലും സൈന്യം നിഷേധിച്ചു.

NO COMMENTS

LEAVE A REPLY