യു ഡി എഫ് സംസ്ഥാന തല പിക്കറ്റിംഗ്, ഒരു ലക്ഷം പേര്‍ അറസ്റ്റുവരിച്ചു : പി പി തങ്കച്ചന്‍

246

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തിയ പിക്കറ്റിംഗില്‍ പ്രതിഷേധമിരമ്പി. പതിനാല് ജില്ലകളില്‍ നടന്ന പിക്കറ്റിംഗ് സമരത്തില്‍ ഒരു ലക്ഷത്തോളം പേര്‍ അറസ്റ്റ് വരിച്ചതായി യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്റ്ററേറ്റുകള്‍ക്ക് മുന്നിലുമാണ് പിക്കറ്റിംഗുകള്‍ നടന്നത്. വിവിധ ഭാഗങ്ങളില്‍ നിന്നും പ്രകടനമായെത്തി പ്രവര്‍ത്തകരും നേതാക്കളും അറസ്റ്റ് വരിക്കുകയായിരുന്നു. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന പിക്കറ്റിംഗ് സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കര്‍ണ്ണാടക വൈദ്യുത വകുപ്പ് മന്ത്രി ഡി കെ ശിവകുമാര്‍, മറ്റു യു ഡി എഫ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊല്ലത്ത് കളക്റ്ററേറ്റിന് മുന്നില്‍ നടന്ന പിക്കറ്റിംഗ് സമരം മുസ്‌ളിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദും , ആലപ്പുഴ കളക്റ്ററേറ്റിന് മുന്നില്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരനും ഉദ്ഘാടനം ചെയ്തു. പത്തനം തിട്ടയില്‍ ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസും, കോട്ടയത്ത് കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എം എല്‍ എയും, ഇടുക്കിയില്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോണി നെല്ലൂരും പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്തു.

എറണാകുളം കളക്‌റ്റേറ്റിന് മുന്നില്‍ നടന്ന പിക്കറ്റിംഗ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ കളക്റ്ററേറ്റിന് മുന്നിലെ പിക്കറ്റിംഗ് കെ സി വേണുഗോപാല്‍ എം പിയും, പാലക്കാട് കളക്‌റ്റേറ്റിന് മുന്നിലെ പിക്കറ്റിംഗ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ യും, മലപ്പുറത്ത് ഡോ. എം കെ മുനീര്‍ എം എല്‍ എയും കോഴിക്കോട് എം കെ രാഘവന്‍ എം പിയും, വയനാട്ടില്‍ എം ഐ ഷാനവാസ് എം പിയും കണ്ണൂരില്‍ കെ പി സി സി മുന്‍ പ്രസിഡന്റ് കെ മുരളീധരന്‍ എം എല്‍ എ യും , കാസര്‍കോട് കളക്‌റ്റേറ്റിന് മുന്നിലെ പിക്കറ്റിംഗ് ബെന്നി ബഹ്നാനും ഉദ്ഘാടനം ചെയ്തു.

NO COMMENTS

LEAVE A REPLY