പൊള്ളാച്ചിയില്‍ തിരുനെല്‍വേലി-ദാദര്‍ സ്പെഷ്യല്‍ ട്രെയിന്‍ പാളം തെറ്റി

171

പൊള്ളാച്ചി: പൊള്ളാച്ചിയില്‍ ട്രെയിന്‍ പാളംതെറ്റി. തിരുനെല്‍വേലിയില്‍നിന്ന് പൂനെക്കുള്ള പ്രത്യേകതീവണ്ടിയാണ് പാളംതെറ്റിയത്. എന്‍ജിനും ആദ്യത്തെ ഏഴ് കമ്ബാര്‍ട്ട്മെന്റുകളുമാണ് ചൊവ്വാഴ്ച രാത്രി 9.50ഓടെ അപകടത്തില്‍പെട്ടത്. ആര്‍ക്കും കാര്യമായി പരിക്കില്ലെന്ന് റെയില്‍വേ അറിയിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്ബതേകാലോടെയാണ് വണ്ടി പൊള്ളാച്ചിവിട്ടത്. പൊള്ളാച്ചിക്കും മീനാക്ഷിപുരത്തിനുമിടയില്‍ വാളക്കൊമ്ബില്‍ സോയാബീന്‍ കമ്ബനിക്കടുത്താണ് അപകടം. റെയില്‍പാതയോരത്തുനിന്ന വന്‍മരം കടപുഴകിവീണതാണ് അപകടത്തിന് കാരണമായത്. മരം ഇടിച്ചുതകര്‍ത്ത് മുന്നോട്ടുനീങ്ങിയ എന്‍ജിനും ആദ്യത്തെ ജനറല്‍ കമ്ബാര്‍ട്ട്മെന്റ് ഉള്‍പ്പെടെ ഏഴ് ബോഗികളും പാളംതെറ്റി. ഇവയിലെ യാത്രക്കാരെ പാളംതെറ്റാത്ത ബോഗികളിലേക്ക് മാറ്റി. അര്‍ധരാത്രിക്കുശേഷം ഷൊര്‍ണൂരില്‍നിന്ന് രക്ഷാപ്രവര്‍ത്തനത്തിനുള്ള പ്രത്യേകവണ്ടിയെത്തി. മരം മുറിച്ചുമാറ്റി ബോഗികള്‍ നീക്കിയാലേ ഇതിലൂടെ ഗതാഗതം പുനരാരംഭിക്കാനാവൂ. ഇതുമൂലം ബുധനാഴ്ച പുലര്‍ച്ചെ ഓടേണ്ടിയിരുന്ന തിരുച്ചെന്തൂര്‍ എക്സ്​പ്രസ് ഉള്‍പ്പെടെയുള്ളവ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോചെയ്യും. അപകടത്തെത്തുടര്‍ന്ന് പാലക്കാട് ഡിവിഷന്‍ ആസ്ഥാനത്ത് പ്രത്യേക സഹായകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. 0491-2556198, 2555231 എന്നീ നമ്ബറുകളില്‍നിന്ന് കൂടുതല്‍ വിവരങ്ങളറിയാം.

NO COMMENTS

LEAVE A REPLY