ടെക്‌നോപാര്‍ക്കില്‍ മെഷീന്‍ ലേണിംഗ്, മെഡിക്കല്‍ ഇമേജിംഗ് ശില്പശാല നാളെ മുതല്‍

236

തിരുവനന്തപുരം: ടെക്‌നാപാര്‍ക്കിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്, ഇലക്‌ട്രോണിക്‌സ് ഇന്‍കുബേറ്ററായ കൊച്ചി മേക്കര്‍ വില്ലേജ്, ജിഇ ഗ്ലോബല്‍ ഹെല്‍ത്ത് എന്നിവ സംയുക്തമായി ടെക്‌നോപാര്‍ക്കില്‍ ഫെബ്രുവരി രണ്ട്, മൂന്ന് തിയതികളില്‍ ‘മെഷീന്‍ ലേണിംഗ് ഇന്‍ മെഡിക്കല്‍ ഇമേജ് കംപ്യൂട്ടിങ്’ എന്ന വിഷയത്തില്‍ ശില്പശാല നടത്തും. മെഷീന്‍ ലേണിങില്‍ തല്പരരായ വിദ്യാര്‍ഥികള്‍ക്കും ഇലക്‌ട്രോണിക് സ്റ്റാര്‍ട്ടപ്പുകളിലെ സംരംഭകര്‍ക്കും ആവശ്യമായ പരിശീലനം ലഭ്യമാക്കുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യമെന്ന് മേക്കര്‍ വില്ലേജ് ചീഫ് കണ്‍സള്‍ട്ടന്റ് പ്രൊഫ. രാജീവ് ശ്രീനിവാസന്‍ അറിയിച്ചു. ആരോഗ്യമേഖലയിലും ഇമേജിങിലും ഇലക്‌ട്രോണിക്‌സിന്റെയും മെഷീന്‍ ലേണിങിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനുവേണ്ടി നടത്താനുദ്ദേശിക്കുന്ന ഇത്തരം പരിപാടികളുടെ തുടക്കമായിട്ടാണ് ശില്പശാല നടത്തുന്നതെന്ന് ഐഐഐടിഎം-കെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ജോസഫ് എസ് പോള്‍ പറഞ്ഞു.

ആരോഗ്യ-ഇതര മേഖലകളിലും മെഷീന്‍ ലേണിങിന് വിശാലമായ സാധ്യതകളുണ്ടെന്നും ഇക്കാര്യത്തില്‍ ജിഇ, മേക്കര്‍ വില്ലേജ്, ഐഐഐടിഎം-കെ എന്നിവയുടെ സോഫ്റ്റ്‌വെയര്‍-ഹാര്‍ഡ്‌വെയര്‍ പിന്തുണ സ്റ്റാര്‍ട്ടപ് കമ്പനികള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന് ഐഐഐടിഎം-കെ ഡയറക്ടര്‍ പ്രൊഫ.എംഎസ് രാജശ്രീ ചൂണ്ടിക്കാട്ടി. പ്രൊഫ.എംഎസ് രാജശ്രീ ഫെബ്രുവരി രണ്ടിന് രാവിലെ പത്തുമണിക്ക് ശില്പശാല ഉദ്ഘാടനം ചെയ്യും. ജിഇയുടെ ചെലവു കുറഞ്ഞ എംആര്‍ഐ വികസിപ്പിക്കുന്ന ടീമിലെ സ്ഥാപക ശാസ്ത്രജ്ഞനായ ഡോ.രമേശ് വെങ്കിടേശന്‍, രാജീവ് ശ്രീനിവാസന്‍, ജിഇ ബാംഗ്ലൂര്‍ ജെഎഫ്ഡബ്ല്യു ടെക്‌നോളജി സെന്ററിലെ ഡോ.ഷാന്‍ബാഗ് ദത്തേഷ്, ഐഐഐടിഎം-കെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ജോസഫ് എസ് പോള്‍ എന്നിവര്‍ ശില്പശാലയിലെ വിവിധ സാങ്കേതിക സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

NO COMMENTS

LEAVE A REPLY