കസ്റ്റഡി മര്‍ദ്ദനം : ആലുവ എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍

195

ആലുവ: പൊതുസ്ഥലത്ത് മദ്യപിച്ച്‌ ബഹളംവച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്തയാളെ സ്റ്റേഷനില്‍ കൊണ്ടുവന്ന് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍. ആലുവ ഈസ്റ്റ് പ്രിന്‍സിപ്പല്‍ എസ്.ഐ ഹണി കെ. ദാസിനെയാണ് പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് സസ്പെന്‍റ് ചെയ്തത്. എറണാകുളം റൂറല്‍ എസ്.പിയുടെ ചുമതലയുള്ള ഇടുക്കി എസ്.പി എ.വി ജോര്‍ജാണ് സസ്പെന്‍റു ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ആലുവ ഡി.വൈ.എസ്.പി കെ.ജി ബാബുകുമാര്‍ പറഞ്ഞു. കസ്റ്റഡി മര്‍ദ്ദനം വിവാദമായതോടെ എസ്.ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം നടന്നിരുന്നു. പോലീസിനെതിരെ സി.പി.എം നേതൃത്വവും രംഗത്തെത്തിയിരുന്നു. പൊതുസ്ഥലത്ത് മദ്യപിച്ച്‌ ബഹറളം വച്ചതിന് കരുമാല്ലൂര്‍ പീടികപ്പറന്പില്‍ ഷിബു (42)നെ വെള്ളിയാഴ്ച വൈകിട്ടാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പെറ്റികേസ് ചുമത്തി പിന്നീട് വിട്ടയച്ച ഷിബു പോലീസ് മര്‍ദ്ദിച്ചുവെന്ന് കാണിച്ച്‌ ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇതറിഞ്ഞ പോലീസ് ഇയാളെ വീണ്ടും കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് പ്രദേശിക സി.പി.എം നേതൃത്വം പോലീസിനെതിരെ തിരിഞ്ഞത്. എന്നാല്‍ ഷിബുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും പെറ്റിക്കേസ് ചുമത്തിയ ശേഷം വിട്ടയക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. ആശുപത്രിയില്‍ നിന്നും ഇയാളെ വീണ്ടും കസ്റ്റഡിയില്‍ എടുത്തതാണ് പോലീസിനെതിരെ പ്രതിഷേധം ഉയരാന്‍ ഇടയാക്കിയത്.

NO COMMENTS

LEAVE A REPLY