പാതയോരത്തെ മദ്യശാലകള്‍: സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

198

തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. ഇതേ കാര്യമുന്നയിച്ചുകൊണ്ട് ബെവ്കോയും സുപ്രീംകോടതിയെ സമീപിക്കും. ഹര്‍ജികള്‍ അടുത്ത ദിവസം തന്നെ സമര്‍പ്പിക്കും. ദേശീയപാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധിയില്‍ ബാറുകളും കള്ളുഷാപ്പുകളും അടക്കമുള്ള എല്ലാ മദ്യശാലകളും ഉള്‍പ്പെടുമോ എന്നതാണ് തര്‍ക്ക വിഷയം. നേരത്തെ നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തില്‍ ബാറുകളും കള്ളുഷാപ്പുകളുമുള്‍പ്പെടെ എല്ലാ മദ്യശാലകളും ദേശീയ സംസ്ഥാന പാതയോരത്ത് നിന്ന് 500 മീറ്റര്‍ ഉള്ളിലേക്ക് മാറ്റി സ്ഥാപിക്കേണ്ടി വരുമെന്നാണ് പറഞ്ഞത്.

ഇതേ തുടര്‍ന്ന് അഡ്വ.ജനറല്‍ സി.പി.സുധാകര പ്രസാദിനോട് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. നിയമപരമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ വ്യക്തത തേടി അഡ്വ.ജനറല്‍ തന്നെ സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. നേരത്തെ അസമും പുതുച്ചേരിയും മഹാരാഷ്ട്രയും അടക്കം ഒമ്ബത് സംസ്ഥാനങ്ങള്‍ ഇതേ രീതിയില്‍ വിധിയില്‍ വ്യക്തത തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നേരത്തെ ഈ കേസില്‍ വിധി പറഞ്ഞ അതേ ബെഞ്ചിനോട് തന്നെ ഇക്കാര്യം പരിശോധിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കകം തന്നെ ജസ്റ്റിസ് ചന്ദ്രചൂഡ് ഉള്‍പ്പെടുന്ന പ്രത്യേക ബെഞ്ച് വിഷയം വിശദമായി പരിശോധിക്കും. ഹര്‍ജിക്ക് അന്തിമ രൂപമായിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിധി നടപ്പാകുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് നികുതിയിനത്തില്‍ വന്‍നഷ്ടമാണുണ്ടാവാന്‍ പോകുന്നതെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കും. മദ്യഷാപ്പുകള്‍ നീക്കാനുള്ള സമയപരിധി മാര്‍ച്ച്‌ 31-ല്‍ നിന്ന് നീട്ടി നല്‍കണമെന്നാണ് ബെവ്കോ ആവശ്യപ്പെടുക. സുപ്രീംകോടതി വിധി പ്രകാരം 180-ഓളം ബെവ്കോ ഔട്ട്ലെറ്റുകളാണ് മാറ്റി സ്ഥാപിക്കേണ്ടി വരിക. ഇതുമായി ബന്ധപ്പെട്ട് 30 ഔട്ട്ലെറ്റുകള്‍ മാറ്റി സ്ഥാപിച്ചു. 9 എണ്ണത്തിന് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കി. വിവിധ പ്രദേശങ്ങളില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിവറേജസ് ഔട്ട്ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ എട്ട് മാസമെങ്കിലും വേണ്ടി വരുമെന്നാണ് ബെവ്കോ കോടതിയെ അറിയിക്കുക.അതേസമയം സുപ്രീംകോടതി വിധി വ്യക്തമാണെന്നും അത് നടപ്പിലാക്കണമെന്നും കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ വ്യക്തമാക്കി. സംസ്ഥാനത്തിനുണ്ടാവുന്ന വ്യാപകമായ നാശനഷ്ടം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY