മദ്യനയം തിരുത്തണമെന്ന് ചെന്നിത്തല; എതിര്‍പ്പുമായി സുധീരനും ലീഗും

166

തിരുവനന്തപുരം: മദ്യനയത്തില്‍ തിരുത്തല്‍ ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കെ പി സി സി പ്രസിഡന്റ് വി എം സുധീരനും യു ഡി എഫ് ഘടകകക്ഷിയായ മുസ്ലീം ലീഗും രംഗത്തെത്തി.
നയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്ന, ഒരു വാരികയിലെ അഭിമുഖത്തെകുറിച്ച് സുധീരന്‍ ചെന്നിത്തലയുമായി സംസാരിക്കും. ഭരണപക്ഷം ചെന്നിത്തലയുടെ നിലപാടിനെ സ്വാഗതം ചെയ്തു. മുസ്ലീം ലീഗും രൂക്ഷ വിമര്‍ശനവുമായാണ് രംഗത്തെത്തിയത്. മദ്യനയം തെറ്റാണെന്ന നിലപാട് തങ്ങള്‍ക്ക് ഇല്ലെന്നായിരുന്നു ലീഗ് നേതാക്കള്‍ പറഞ്ഞത്.
യു ഡി എഫില്‍ വീണ്ടും ബാര്‍വാര്‍. കലാകൗമുദിയിലെ ചെന്നിത്തലയുടെ അഭിമുഖം ചൂടേറിയ ചര്‍ച്ചയായി. നയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്നാണ് രമേശിന്റെ വാദം. തിരുത്തല്‍ പാര്‍ട്ടി ആലോചിക്കണം, ചര്‍ച്ച ചെയ്യുമ്പോള്‍ അഭിപ്രായം പറയുമെന്ന പ്രതിപക്ഷനേതാവിന്റെ നിലപാട് വിവാദത്തിലായി.
നയം തിരുത്താനൊരുങ്ങുന്ന സര്‍ക്കാറിന് പ്രതിപക്ഷത്തെ ഭിന്നത വലിയ ആശ്വാസമായി. ടൂറിസം മേഖലയെ ബാധിച്ചെന്ന വാദവുമായി തിരുത്തല്‍ ആവശ്യപ്പെട്ട ടൂറിസം മന്ത്രിക്കെതിരെ സുധീരന്‍ രംഗത്തെത്തുമ്പോഴാണ് ചെന്നിത്തലയുടെ ഭിന്നസ്വരം.
ചെന്നിത്തലയെ കെ സി ബി സി മദ്യവിരുദ്ധ സമിതി രൂക്ഷമായി വിമര്‍ശിച്ചു. മദ്യ നയമല്ല യുഡിഎഫിനെ തോല്പിച്ചത് അഴിമതിയാണെന്ന് കെ സി ബി സി വ്യക്തമാക്കി. ബാര്‍ പൂട്ടിയിട്ടും മദ്യഉപഭോഗം കൂടിയെന്ന് എക്‌സൈസ് മന്ത്രിയുടെ പ്രസ്താവന നയം തിരുത്താനുള്ള ദുസ്സൂചനയാണെന്നും കെ സി ബി സി വിമര്‍ശിച്ചു.

NO COMMENTS

LEAVE A REPLY