ചാലക്കുടിയില്‍ ഇന്നസെന്റ് തന്നെ, ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

155

തിരുവനന്തപുരം: ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും സാധ്യതാപട്ടികയിലെ മാറിമറിയലുകള്‍ക്കുമൊടുവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള സിപിഎം സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.ചാലക്കുടി സിപിഎമ്മിനെ ഏറ്റവും കുഴക്കിയ സ്ഥാനാര്‍ത്ഥി നിര്‍ണയമായിരുന്നു ചാലക്കുടിയിലേത്. സിറ്റിംഗ് എംപിയായ ഇന്നസെന്റിനെ തന്നെ ഇത്തവണയും ചാലക്കുടിയില്‍ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനം. ഇന്നസെന്റ് വേണ്ടെന്ന് ചാലക്കുടി മണ്ഡലം കമ്മിറ്റി നിലപാടെടുത്തിരുന്നെങ്കിലും അത് മറികടന്നാണ് പാര്‍ട്ടി തീരുമാനം.പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിളിച്ച്‌ ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
20 മണ്ഡലങ്ങളില്‍ നാലെണ്ണത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമ്ബോള്‍ 14 സീറ്റുകളിലാണ് സിപിഎം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്. രണ്ട് സീറ്റില്‍ ഇടത് സ്വതന്ത്രര്‍ മത്സരിക്കും. സിപിഎമ്മിന്റെ പൂര്‍ണ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ:

കാസര്‍ഗോഡ്
സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തെ മണ്ഡലമായ കാസര്‍ഗോഡ് ഇത്തവണ സിപിഎം സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത് മുന്‍ ജില്ലാ സെക്രട്ടറി കെപി സതീഷ് ചന്ദ്രനെയാണ്. സിറ്റിംഗ് എംപിയായ കെ കരുണാകരനെ ഒഴിവാക്കി കൊണ്ടാണ് സതീഷ് ചന്ദ്രന് സീറ്റ് നല്‍കാനുളള പാര്‍ട്ടി തീരുമാനം. പെരിയ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിന് വെല്ലുവിളിയാണ് ഇത്തവണ മണ്ഡലം പിടിക്കുക എന്നത്.

കണ്ണൂര്‍

സിറ്റിംഗ് എംപി പികെ ശ്രീമതി തന്നെയാണ് ഇത്തവണയും കണ്ണൂരില്‍ സിപിഎം ടിക്കറ്റില്‍ ജനവിധി തേടുന്നത്. മണ്ഡലത്തില്‍ കഴിഞ്ഞ 5 വര്‍ഷം നടപ്പിലാക്കിയ വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി ശ്രീമതി വോട്ട് പിടുത്തം തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ് കെ സുധാകരനെ ഇറക്കിയാല്‍ കടുത്ത മത്സരം ഇത്തവണ ശ്രീമതിക്ക് നേരിടേണ്ടി വരും.

വടകര

രാഷ്ട്രീയ കേരളം ഏറ്റവും ആകാഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് വടകര. പാര്‍ട്ടിയിലെ അതികായന്മാരില്‍ ഒരാളായ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ തന്നെയാണ് സിപിഎം വടകരയിലിറക്കിയിരിക്കുന്നത്. ജയരാജനെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ ആര്‍എംപി പ്രവര്‍ത്തിക്കുമ്ബോള്‍ വടകരയില്‍ ഇത്തവണ തീപാറും എന്നുറപ്പാണ്..

കോഴിക്കോട്

എ പ്രദീപ് കുമാറാണ് കോഴിക്കോട് നിന്നും ഇത്തവണ സിപിഎം ടിക്കറ്റില്‍ ജനവിധി തേടുന്നത്. സിപിഎം മത്സരരംഗത്തേക്ക് ഇറക്കുന്ന നാല് എംഎല്‍എമാരില്‍ ഒരാള്‍ കൂടിയാണ് പ്രദീപ് കുമാര്‍. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംപി എംകെ രാഘവനില്‍ നിന്നും മണ്ഡലം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയനായ പ്രദീപ് കുമാറിനെ സിപിഎം കളത്തിലിറക്കിയിരിക്കുന്നത്.

പൊന്നാനി

ഏറെ ആകാംഷയോടെ കാത്തിരുന്ന സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് പൊന്നാനിയിലേത്. ഇടത് സ്വതന്ത്രനായി പിവി അന്‍വര്‍ എംഎല്‍എയാണ് പൊന്നാനിയില്‍ മത്സരിക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തിന് നഷ്ടപ്പെട്ട പൊന്നാനി ഇത്തവണ പിടിച്ചെടുക്കാനാണ് സിപിഎം അന്‍വറിലൂടെ നീക്കം നടത്തുന്നത്.

മലപ്പുറം

ലീഗ് കോട്ടയായ മലപ്പുറത്ത് ഇത്തവണ ഇടതുപക്ഷം പരീക്ഷിക്കുന്നത് വിപി സാനുവിനെ ആണ്. എസ്‌എഫ്‌ഐ അഖിലേന്ത്യാ നേതാവായ വിപി സാനുവിന്റെ കന്നിയങ്കമാണ് മലപ്പുറത്ത് നടക്കുക. ലീഗ് അതികായന്‍ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ മലപ്പുറത്ത് സിപിഎമ്മിന് വലിയ പ്രതീക്ഷകളൊന്നുമില്ല.

ആലത്തൂര്‍

മൂന്നാമത് മത്സരിക്കാന്‍ അവസരം കിട്ടിയ സിറ്റിംഗ് എംപി പികെ ബിജു തന്നെയാണ് ആലത്തൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി. സംവരണ മണ്ഡലമായ ആലത്തൂരില്‍ പികെ ബിജുവിന് വലിയ ജനപ്രീതിയുണ്ട്. സിപിഎം ഇത്തവണ ഉറപ്പായും ലഭിക്കുമെന്ന് കണക്ക് കൂട്ടുന്ന മണ്ഡലങ്ങളില്‍ ഒന്ന് കൂടിയാണ് ആലത്തൂര്‍.

പാലക്കാട്

പാലക്കാട് മണ്ഡലത്തില്‍ നിന്നും ഇത്തവണ ജനവിധി തേടുന്നത് സിറ്റിംഗ് എംപിയായ എംബി രാജേഷ് ആണ്. പാലക്കാട് സിപിഎം ഇത്തവണ സീറ്റ് നിലനിര്‍ത്തുമെന്ന ആത്മവിശ്വാസം പുലര്‍ത്തുന്ന മണ്ഡലമാണ്. 5 മികച്ച എംപിയെന്ന പേരുളള രാജേഷിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ പിന്തുണ പാലക്കാട്ടുണ്ട്.

എറണാകുളം

സിപിഎം പി ജയരാജനെ കൂടാതെ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മറ്റൊരു ജില്ലാ സെക്രട്ടറിയാണ് പി രാജീവ്. കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റായ എറണാകുളത്ത് സിപിഎമ്മിന് ഇന്നിറക്കാനുളള ഏറ്റവും പ്രബലനായ സ്ഥാനാര്‍ത്ഥിയാണ് മികച്ച പാര്‍ലെമന്റേറിയന്‍ എന്ന് പേരുകേട്ട പി രാജീവ്.

NO COMMENTS