ആര്‍.ടി. ഓഫീസുകള്‍ കാമറാ നിരീക്ഷണത്തിലാക്കും

236

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. ഓണക്കാലത്ത് റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ വകുപ്പ് മൂന്നാം കണ്ണുമായി സദാ നീരീക്ഷണത്തിലുണ്ടാകുമെന്നും തിരുവനന്തപുരത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു.വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന നിലയ്ക്ക് റോഡ് സുരക്ഷാ നിയമങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ നടപ്പാക്കും. ഇരുചക്ര വാഹനങ്ങളോടിക്കുന്നവരില്‍ 80 ശതമാനവും ഹെല്‍മെറ്റ് ധരിക്കുന്നുണ്ട്. 20 ശതമാനം പേര്‍ ഈ നിയമം തങ്ങള്‍ക്കു ബാധകമല്ലെന്ന മട്ടിലാണു പെരുമാറുന്നത്. ഇത്തരക്കാരെ നിരീക്ഷിക്കുന്നുണ്ട്. ഇവരടക്കം ഗതാഗത നിയമ ലംഘനം നടത്തുന്നവരെ കൗണ്‍സിലിങ്ങിനു വിളിപ്പിക്കും.നിയമ ലംഘനം തുടരുകയാണെങ്കില്‍ കര്‍ശന നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പിന്‍റെ സേവനങ്ങള്‍ സുതാര്യവും അഴിമതി വിമുക്തവുമാക്കാന്‍ എല്ലാ ഓഫീസുകളും കാമറാ നിരീക്ഷണത്തിലാക്കും. അപകടകാരണങ്ങള്‍ പഠിക്കാനും പരിഹാര മാര്‍ഗങ്ങള്‍ ക്രോഡീകരിക്കാനുമായി ഓണ്‍ലൈന്‍ അപകട പരിശോധനാ റിപ്പോര്‍ട്ടിംഗ് സംവിധാനം നടപ്പാക്കും. കേന്ദ്രീകൃത സേവന ഓണ്‍ലൈന്‍ സോഫ്റ്റ്വെയര്‍ സംവിധാനമായ വാഹന്‍ സാരഥി ഉടന്‍ നടപ്പിലാകും. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഓണ്‍ലൈന്‍ നികുതി പേയ്മെന്‍റ് സംവിധാനം നിലവില്‍ വരും. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഡ്രൈവിംഗ് ലൈസന്‍സുകളും സ്മാര്‍ട്ട് കാര്‍ഡായി നല്‍കും.
ബസുകളുടെ സമയക്രമവും യാത്രാ വിവരങ്ങളും ഓണ്‍ലൈന്‍ വഴി നിരീക്ഷിക്കാനുള്ള ഇ-ട്രാക്ക് സംവിധാനം നിലവില്‍ വരുന്നതോടെ ഈ രംഗത്തുള്ള നിയമലംഘനങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. വാഹനം തടഞ്ഞുനിര്‍ത്താതെ വാഹന പരിശോധനാ നോട്ടീസ് അയ്ക്കാനുള്ള ഡിജിറ്റല്‍ സംവിധാനം നിലവില്‍ വരും.അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ക്കു പെര്‍മിറ്റ്, നികുതി എന്നിവ അടയ്ക്കാനുള്ള സംവിധാനം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും. വിശേഷ ദിനങ്ങളോട് അനുബന്ധിച്ച്‌ സ്വകാര്യ സര്‍വീസുകള്‍ യാത്രക്കാരില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.
വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നന്പര്‍ പ്ലേറ്റുകള്‍ അതീവ സുരക്ഷാ തരത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള എച്ച്‌.എസ്.ആര്‍.പി പദ്ധതി കൂടുതല്‍ ഊര്‍ജിതമായി നടപ്പാക്കും.
ഓണക്കാലത്തെ അപകടങ്ങള്‍ കുറയ്ക്കാന്‍ ഒന്‍പതിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ ബസ് സ്റ്റേഷനുകളില്‍ ഹെല്‍മെറ്റ് ലൈവ് ഡെമോ നടത്തും. വിദ്യാഭ്യാസ വകുപ്പിന്‍റെ സഹകരണത്തോടെ സ്റ്റുഡന്‍സ് പോലീസിന്‍റെ സേവനവും ഇതിനായി ലഭ്യമാക്കും. 19-ന് എല്ലാ ഹൈസ്കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും അസംബ്ലികളില്‍ റോഡ് സുരക്ഷാ പ്രതിജ്ഞ എടുക്കും. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികളില്‍ നടപടിക്കുള്ള കാലതാമസം ഒഴിവാക്കും.
വാഹനങ്ങളില്‍ സ്പീഡ് ഗേവണര്‍ സ്ഥാപിക്കാനുള്ള നടപടികളില്‍ ചില പോരായ്മകള്‍ സംഭവിച്ചിട്ടുണ്ട്. റോഡ് സുരക്ഷാ പദ്ധതിക്കായി അനുവദിച്ച പണം ചെലവഴിക്കുന്നതു സംബന്ധിച്ചുള്ള അവ്യക്തതകള്‍ നീക്കും.
കെ.എസ്.ആര്‍.ടി.സിയുടെ കോംപ്ലക്സുകളില്‍ മുറികള്‍ ഒഴിഞ്ഞുകിടക്കുന്നതിന്‍ മേല്‍ ഉടനടി നടപടി ഉണ്ടാകും. തിരുവനന്തപുരത്ത് കിഴക്കേകോട്ടയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ടി. ഓഫീസ് തന്പാനൂര്‍ ബസ് ടെര്‍മിനലിലേക്ക് മാറ്റും. സ്വകാര്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സര്‍ക്കാര്‍ ഓഫീസുകളും ഇങ്ങോട്ടേക്ക് മാറ്റുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ഗതാഗത കമ്മിഷണര്‍ എസ്. ആനന്ദകൃഷ്ണനും സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY