എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നു വി.എസ്. അച്യുതാനന്ദന്‍

198

തിരുവനന്തപുരം: കേരളത്തിന്‍റെ പൊതുവികാരമായ എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നു മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍.
അല്ലാത്ത പക്ഷം ബാങ്കിങ് മേഖല സ്തംഭിക്കുന്ന ശക്തമായ സമരം നേരിടേണ്ടിവരും. പാളയത്ത് എസ്.ബി.ടി. സംരക്ഷണ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലയനപ്രശ്നമിപ്പോള്‍ ഹൈക്കോടതിയിലാണ്. കോടതി വിധി എതിരായാല്‍ ശക്തമായ സമരമല്ലാതെ മറ്റു മാര്‍ഗമില്ല. സത്യവും ധര്‍മ്മവും തൊഴിലാളികളുടെ ഭാഗത്താണ്. മൂലധന ശക്തികളുടെ പിടി കൂടുതല്‍ മുറുക്കാനുള്ള പഴുതാണു കേന്ദ്രസര്‍ക്കാര്‍ ലയനത്തതിലൂടെ ചെയ്യുന്നത്. ലയനത്തിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടും സമവായത്തിനു പകരം എതിര്‍ക്കുന്ന ജീവനക്കാരെ കൈകാര്യം ചെയ്യുന്ന സമീപനമാണ് കൈക്കൊള്ളുന്നതെന്നും വി.എസ് കൂട്ടിചേര്‍ത്തു.

രാജ്യത്തിന്‍റെ സാന്പത്തിക നയങ്ങളെക്കുറിച്ചു സത്യസന്ധമായ പുന:പരിശോധന നടത്തേണ്ട സമയമായെന്നു മുഖ്യപ്രഭാഷണത്തില്‍ കെ.പി.സി.സി. പ്രസിഡന്‍റ് വി.എം.സുധീരന്‍ പറഞ്ഞു. സി.പി.എം. അടക്കമുള്ള എല്ലാ രാഷ്ര്ടീയ പാര്‍ട്ടികളും ഇതേക്കുറിച്ചു ഗൗരവമായി ചിന്തിക്കണം. കേരളത്തിലെ ജനങ്ങള്‍ ലയനത്തിനെതിരാണ്. കേന്ദ്രം ഈ നീക്കത്തില്‍ നിന്നു പിന്തിരിഞ്ഞില്ലെങ്കില്‍ ശക്തമായ പോരാട്ടമുണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു. സേവ് എസ്.ബി.ടി. ഫോറം ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍, എ.ഐ.ടി.യു.സി. ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍, എ.സന്പത്ത് എം.പി, മുന്‍മന്ത്രി എം.വിജയകുമാര്‍, ഐ.എന്‍.ടി.യു.സി. ജില്ലാപ്രസിഡന്‍റ് വി.ആര്‍. പ്രതാപന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫോറം ജനറല്‍ കണ്‍വീനര്‍ സി.ഡി.ജോസണ്‍ സ്വാഗതവും കണ്‍വീനര്‍ കെ.എസ്. കൃഷ്ണ നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY