ലോ അക്കാദമി സമരത്തില്‍ സംഘര്‍ഷം; പൊലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് പരിക്ക്

210

തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിക്ക് മുന്നില്‍ സംഘര്‍ഷം. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരത്തിന് പിന്തുണയുമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. രാവിലെ മുതല്‍ പേരൂര്‍ക്കടയില്‍ റോഡ് ഉപരോധിച്ചിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ ഉച്ചയ്ക്ക് ശേഷം കോളേജിനകത്തേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരെ തടഞ്ഞ പൊലീസ്, ഇവരോട് പിരിഞ്ഞുപോകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഇതോടെ പലഭാഗത്തേക്ക് ചിതറിയോടിയ പ്രവര്‍ത്തര്‍ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോളേജിന് സമീപത്ത് നിരാഹാര സമരം തുടരുന്ന ബി.ജെ.പി നേതാവ് വി. മുരളീധരനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ ശ്രമം പ്രവര്‍ത്തകര്‍ തടയുന്നു. ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. അക്കാദമിയുടെ പരിസരത്തുണ്ടായിരുന്നവരെ പൊലീസ് വിരട്ടിയോടിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വി. മുരളീധരന്‍ നിരാഹാരമിരിക്കുന്ന പന്തലില്‍ പൊലീസ് കയറിയാല്‍ എന്ത് വിലകൊടുത്തും തടയുമെന്ന് ബി.ജെ.പി പ്രവര്‍ത്തകരും അറിയിച്ചു. കുമ്മനം രാജശേഖരന്‍ അടക്കമുള്ള ബി.ജെ.പി നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY