വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവനക്കാരുടെ ബാരക്കില്‍നിന്നു മദ്യശേഖരവും ബീഡിക്കെട്ടുകളുമായി ഉദ്യോഗസ്ഥന്‍ പിടിയില്‍

218

തൃശൂര്‍ • വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവനക്കാരുടെ ബാരക്കില്‍നിന്നു മദ്യശേഖരവും ബീഡിക്കെട്ടുകളുമായി ഉദ്യോഗസ്ഥന്‍ പിടിയില്‍. ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ സന്തോഷ് ആണ് അറസ്റ്റിലായത്. ജയിലിനുള്ളിലേക്കു കടത്താനായി ഇയാള്‍ സൂക്ഷിച്ച 19 കുപ്പി വിദേശമദ്യം, 20 പൊതി ബീഡി, മൂന്നു പായ്ക്കറ്റ് പോത്തിറച്ചി, അഞ്ചു മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍, ഒരു സ്മാര്‍ട് ഫോണ്‍ എന്നിവയാണ് സൂപ്രണ്ട് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.ജയിലിനുള്ളില്‍ തടവുകാര്‍ക്ക് ഓണം ‘ആഘോഷിക്കാന്‍’ എത്തിച്ചതാണ് മദ്യക്കുപ്പികളും ബീഡിക്കെട്ടുകളുമെന്ന് അറസ്റ്റിലായ പ്രിസണ്‍ ഓഫിസര്‍ പൊലീസിനോടു സമ്മതിച്ചു. നിരോധിത വസ്തുക്കള്‍ വിയ്യൂര്‍ ജയിലിനുള്ളിലേക്കു കടത്താന്‍ ജീവനക്കാരുടെ നേതൃത്വത്തിലുള്ള റാക്കറ്റ് സജീവമാണെന്നു നേരത്തെ തന്നെ തെളിവുകള്‍ ലഭിച്ചിരുന്നു.സ്മാര്‍ട് ഫോണുകളും മദ്യവും കഞ്ചാവുമൊക്കെ പലവട്ടം ഇവിടെനിന്നു പിടികൂട‍ുകയും ചെയ്തു. ഈ റാക്കറ്റിലെ മുഖ്യകണ്ണികളിലൊരാള്‍ എന്നു കരുതപ്പെടുന്ന ജീവനക്കാരനാണ് കഴിഞ്ഞ ദിവസം കയ്യോടെ പിടിക്കപ്പെട്ടത്. ജയിലിനോടു ചേര്‍ന്നു ജീവനക്കാര്‍ താമസിക്കുന്ന ബാരക്കില്‍ സ്വന്തം കട്ടിലിനടിയിലാണ് ഇയാള്‍ മദ്യശേഖരവും മറ്റും സൂക്ഷിച്ചിരുന്നത്.സൂപ്രണ്ടിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്തത്. കഞ്ചാവ് വലിക്കാനാണ് ജയിലിനുള്ളിലേക്കു ബീഡി കടത്തുന്നതെന്നു ജയില്‍ ജീവനക്കാര്‍ തന്നെ പറയുന്നു. മൊബൈല്‍ ബാറ്ററികള്‍ ചാര്‍ജ് ചെയ്തു തടവുകാര്‍ക്കു വാടകയ്ക്കു നല്‍കുന്ന ഏര്‍പ്പാടും ഇവിടെ സജീവമാണെന്നു വിവരമുണ്ട്.താല്‍ക്കാലിക ജീവനക്കാരാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏറെയും കണ്ണികളാകുന്നത്. ഒന്നിലധികം സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്നുള്ള ശൃംഖലയാണ് നിരോധിത വസ്തുക്കള്‍ അനായാസമായി ജയിലിനുള്ളിലേക്കു കടത്തുന്നത്. എന്നാല്‍ ഇതേക്കുറിച്ച്‌ അന്വേഷണമോ മറ്റു നടപടികളോ ഉണ്ടാകാറില്ല.

NO COMMENTS

LEAVE A REPLY