വിലക്കയറ്റത്തെ ചെറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തപാല്‍ ഓഫിസുകള്‍ മുഖേന പരിപ്പുവര്‍ഗങ്ങള്‍ എത്തിക്കുന്നു

180

ന്യൂഡല്‍ഹി • തപാല്‍ ഓഫിസുകളില്‍ കത്തും മണിഓര്‍ഡറും മാത്രമല്ല, ഇനി പരിപ്പ് – പയര്‍വര്‍ഗങ്ങളും. വിലക്കയറ്റത്തെ ചെറുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണു തപാല്‍ ഓഫിസുകള്‍ മുഖേന പരിപ്പുവര്‍ഗങ്ങള്‍ എത്തിക്കുന്നത്. സര്‍ക്കാര്‍ വിപണന ശൃംഖലകളില്ലാത്ത സ്ഥലങ്ങളിലാണു തപാല്‍ ഓഫിസുകളിലൂടെ കുറഞ്ഞ നിരക്കില്‍ വിപണനം ചെയ്യുന്നത്.
ആദ്യഘട്ടത്തില്‍ സാമ്ബാര്‍ പരിപ്പ്, ഉഴുന്നുപരിപ്പ്, കടല, കടലപ്പരിപ്പ് തുടങ്ങിയവ തപാല്‍ ഓഫിസുകളില്‍ എത്തും. കേന്ദ്ര ഉപഭോക്തൃമന്ത്രാലയ സെക്രട്ടറി ഹേം പാണ്ഡേയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. ഉത്സവകാലത്തു പരിപ്പുകള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുന്നതു പതിവെന്നു യോഗം വിലയിരുത്തി.

പരിപ്പു-പയര്‍ വര്‍ഗങ്ങളുടെ കരുതല്‍ ശേഖരത്തില്‍ നിന്നാകും തപാല്‍ ഓഫിസുകള്‍ വഴിയുള്ള വിപണനത്തിനു സൗകര്യം ഒരുക്കുന്നത്. ദീപാവലിക്കു മുന്‍പു പരീക്ഷണ അടിസ്ഥാനത്തില്‍ നടപടി തുടങ്ങും. വിപണനരീതി സംബന്ധിച്ചു വ്യക്തതയായില്ല. തപാല്‍ വകുപ്പുമായുള്ള ചര്‍ച്ച അടുത്തുതന്നെ നടക്കും.

NO COMMENTS

LEAVE A REPLY