മാഫിയകളെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല;കര്‍ശനമായി നേരിടും : പിണറായി വിജയന്‍

201

തൃശൂര്‍ • ഒരു തരത്തിലുള്ള മാഫിയകളെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും അത്തരക്കാരെ കര്‍ശനമായി നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ പാസിംങ് ഔട്ട് പരേഡില്‍ സേനാംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴെ നയം വ്യക്തമാക്കിയതാണ്. സേനയിലുള്ള ചിലര്‍ അതു ഇനിയും മനസ്സിലാക്കിയിട്ടില്ലെങ്കില്‍ ഇതു തിരുത്താനുള്ള സമയമാണ്.
പൊലീസിനു നിയമ വിരുദ്ധമായി ഒന്നും ചെയ്യാനുള്ള അധികാരമില്ല. കൊള്ളരുതാത്ത ചിലരുണ്ട്. അവരുടെ പ്രതിഛായയാണ് പൊലീസിനു കിട്ടുന്നത്. അതുകൊണ്ടുതന്നെ തിരുത്താനുള്ള ശക്തമായ നടപടി വേണ്ടിവരും. സേനയെ സര്‍ക്കാര്‍ സംരക്ഷിക്കും. അതു നിയമപാലകര്‍ക്കു മാത്രമായിരിക്കും. അല്ലാതെ നിയമ വിരുദ്ധരായി പെരുമാറുന്നവര്‍ക്കല്ല. അവര്‍ക്കു പ്രത്യേക നിയമമോ സംരക്ഷണമോ ഇല്ലെന്ന് ഓര്‍മിക്കണം. പഴയ ശീലങ്ങള്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അതു തിരുത്താന്‍ സമയമായി.
കൊള്ളരുതാമയ ചെയ്യുന്നവരില്‍ പലരും സേനയുടെ ഒരു പ്രത്യേക ബാച്ചിലുള്ളവരാണെന്നു പറ​യാറുണ്ട്. പൊലീസ് കംപ്ളേയ്ന്റ്് അതോറിറ്റി ചെയര്‍മാനും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതു പരിശീനത്തിലെ പിഴവാണ്. ആ സമയത്തു പരീശീലനം നേരിയവരില്‍ വലിയൊരു വിഭാഗം കുറ്റവാസനയുള്ളവരായി. അതുകൊ​ണ്ടുതന്നെ പരിശീലനത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. അതിനുള്ള ഭൗതിക സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ട്. സേനയും ജനങ്ങളുമായി ഒരു അകല്‍ച്ചയുണ്ട്. ഇതു സേനയുടെ അന്തസ്സ് ഉയര്‍ത്തുകയല്ല ചെയ്യുക. ജനങ്ങളുമായി കൂടുതല്‍ അടുക്കുകയാണു വേണ്ടത്.