വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമാണെന്ന് മുഖ്യമന്ത്രി

194

കോഴിക്കോട്: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസമില്ലാത്ത ഒരാളെ സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഇരുത്തില്ലെന്ന് അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
തുറമുഖവകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജേക്കബ് തോമസിനെതിരെ നടപടിവേണമെന്ന ശുപാര്‍ശ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തോടാണ് ചീഫ് സെക്രട്ടറിയുടെ നിലപാട് തള്ളിക്കളയുന്ന തരത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.

അഴിമതി ആര് നടത്തിയാലും സംരക്ഷിക്കില്ല. ജേക്കബ് തോമസില്‍ സര്‍ക്കാറിന് ഇപ്പോഴും വിശ്വാസമുണ്ട്. ജേക്കബ് തോമസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലെ ചില കാര്യങ്ങള്‍ ശരിയാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് നിയമോപദേശം തേടിയത്. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ ചില കാര്യങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം ആരംഭിച്ചത്.വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കിയ ഒരു വിഷയത്തില്‍ വീണ്ടും അന്വേഷണം വേണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഈ ആവശ്യം സംബന്ധിച്ച നിയമോപദേശം അടക്കമുള്ളവ പരിശോധിക്കേണ്ടതുണ്ട്. വ്യക്തത വരുത്തുന്നതിനുവേണ്ടിയാണ് നിയമോപദേശം തേടിയത്. നിയമോപദേശത്തിനുവേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഐ.എ.എസുകാര്‍ക്കിടയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നത് ശരിയാണ്. അവരുടെ പ്രതിനിധികള്‍ തന്നെക്കണ്ടപ്പോള്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് അറിയിച്ചതോടെ പ്രശ്നങ്ങള്‍ അവസാനിച്ചു. അവരുടെ പ്രശ്നങ്ങള്‍ തുടരുന്നുവെന്നതിന്റെ സൂചനയായി മറ്റുകാര്യങ്ങളെ കാണേണ്ടതില്ല. എന്നാല്‍, ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്ന പ്രതീതി പരന്നിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി കാണും. ഫയല്‍ വച്ചുതാമസിപ്പിക്കുന്നുവെന്ന പരാതി വസ്തുതാപരമാണെങ്കില്‍ അത് ഒരുതരത്തിലും സര്‍ക്കാര്‍ അംഗീകരിക്കില്ല.ഉദ്യോഗസ്ഥര്‍ക്ക് ന്യായമായ സംരക്ഷണം നല്‍കുമെന്ന നിലപാടാണ് സര്‍ക്കാരിന്റെത്. എന്നാല്‍ അഴിമതി അവകാശമാണെന്ന നിലപാട് അംഗീകരിക്കില്ല. അഴിമതിക്കാരെ സംരക്ഷിക്കില്ല. ഉദ്യോഗസ്ഥരെ അനാവശ്യമായി പീഡിപ്പിക്കുന്ന സമീപനവും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY