നാല് മൂലകങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പീരിയോഡിക് ടേബിള്‍ വികസിപ്പിച്ചു

254

പുതിയ നാല് മൂലകങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ആവര്‍ത്തനപട്ടിക (പീരിയോഡിക് ടേബിള്‍) വികസിപ്പിച്ചു. ‘നിഹോനിയം’, ‘മോസ്കോവിയം’, ‘ടെന്നസ്സിന്‍’, ‘ഒഗനേസണ്‍’ എന്നീ മൂലകങ്ങളാണ് പീരിയോഡിക് ടേബിളില്‍ പുതിയതായി ചേര്‍ത്തത്. പുതിയ നാല് മൂലകങ്ങളും പ്രകൃതിയില്‍ തനതായ രൂപത്തില്‍ കാണപ്പെടുന്നവയല്ല, പരീക്ഷണശാലകളില്‍ കൃത്രിമമായി നിര്‍മിച്ചവയാണ്. ‘ഇന്റര്‍നാഷണല്‍ യൂണയന്‍ ഓഫ് പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് കെമിസ്ട്രി’ ( IUPAC ) ആണ് പുതിയ മൂലകങ്ങളുടെ പേരുകള്‍ പ്രഖ്യാപിച്ചത്. മൂലകം 113 ആണ് ഇതില്‍ നിഹോനിയം ( nihonium Nh ). ജപ്പാനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ഈ മൂലകത്തിന്, ‘nihon’ (‘ഉദയസൂര്യന്റെ നാട്’) എന്ന വാക്കില്‍ നിന്നാണ് പേര് ലഭിച്ചത്. ജപ്പാന്‍കാര്‍ പേരിട്ട മൂലകം മാത്രമല്ല, ഏഷ്യയില്‍ തന്നെ പേരിടുന്ന ആദ്യ മൂലകമാണെന്ന്, മൂലകം കണ്ടുപിടിച്ച ജാപ്പനീസ് സംഘത്തിന്റെ മേധാവി കോസുകി മോരിറ്റ അറിയിച്ചു.

ആറ്റമിക സംഖ്യയുടെ അടിസ്ഥാനത്തില്‍ രാസമൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്ന പീരിയോഡിക് ടേബിള്‍, ശാസ്ത്രമേഖലയിലെ ഏറ്റവും പ്രശസ്തമായ ആധികാരിക രേഖയാണ്. പുതിയതായി കണ്ടെത്തുന്ന മൂലകങ്ങള്‍ അവയുടെ ആറ്റമിക സംഖ്യ പ്രകാരമാണ് ഈ ടേബിളില്‍ സ്ഥാനം പിടിക്കുന്നത്. നിഹോനിയം ഉള്‍പ്പടെയുള്ള മൂലകങ്ങളും അങ്ങനെ തന്നെയാണ് അതില്‍ സ്ഥാനം നേടിയത്.
മൂലകം 115 ആണ് മോസ്കോവിയം ( moscovium Mc ) എന്നത്. റഷ്യക്കാരും അമേരിക്കന്‍ ഗവേഷകരും ചേര്‍ന്ന് കണ്ടെത്തിയ ഈ മൂലകത്തിന് റഷ്യന്‍ തലസ്ഥാനത്തിന്റെ പേരാണ് നല്‍കിയത്. ഇതുപോലെ യുഎസ് നഗരമായ ടെന്നസി നഗരത്തിന്റെ പേര് മൂലകം 117 ആയ ടെന്നസ്സിന് ( tennessine Ts ) നല്‍കി. ഒഗനേസണ്‍ (oganesson Og ) എന്ന പേര് ലഭിച്ചത് മൂലകം 118 ന് ആണ്. റഷ്യന്‍ ആണവശാസ്ത്രജ്ഞന്‍ യൂറി ഒഗനേസിയന്റെ സ്മരണാര്‍ഥമാണ് ഈ പേര് പുതിയ മൂലകത്തിനിട്ടത്. ഇതും റഷ്യക്കാരും അമേരിക്കക്കാരും ചേര്‍ന്നാണ് കണ്ടെത്തിയത്

NO COMMENTS

LEAVE A REPLY