കശ്മീർ വീണ്ടും സംഘർഷം

186

ശ്രീനഗർ∙ രണ്ടുപേർ കൊല്ലപ്പെടുകയും മറ്റൊരാൾക്കു പരുക്കേൽക്കുകയും ചെയ്ത സംഭവത്തെത്തുടർന്ന് കശ്മീർ താഴ്‌വരയിലെ സ്ഥിതിഗതികൾ വീണ്ടും സംഘർഷത്തിലേക്കു വഴുതിപ്പോകുന്നു. ഇന്നലെ രാത്രി വൈകിയാണ് വാഹനം ആക്രമിച്ച ജനക്കൂട്ടത്തിന്റെ നേർക്ക് റാംപാനിലെ അഡീഷനൽ ജില്ലാ ഡെവലപ്മെന്റ് കമ്മിഷണറുടെ സുരക്ഷാസൈനികൻ വെടിയുതിർത്തത്. പുൽവാമ ജില്ലയിലെ ലെത്പോറയിൽ ശ്രീനഗർ – ജമ്മു ദേശീയപാതയില്‍ നടന്ന സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

ശ്രീനഗറിലെ ഛട്ടബാൽ മേഖലയിൽ ഇന്നലെ രാത്രിയിൽ ദുരൂഹ സാഹചര്യത്തിൽ ഒരു ബാങ്ക് എടിഎം കാവൽക്കാരനും കൊല്ലപ്പെട്ടു. മൂർച്ചയുള്ള ഉപകരണം ഉപയോഗിച്ചാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഛട്ടബാൽ മേഖലയിൽ നിരവധിപ്പേർ പ്രതിഷേധവുമായി റോഡിലിറങ്ങി. ദക്ഷിണ കശ്മീർ മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. ക്രമസമാധാനപാലനത്തിനായി താഴ്‌വരയിൽ ബാക്കിയിടങ്ങളിൽ കർശന പരിശോധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി.

നേരത്തെ ഹിസ്ബുൽ മുജാഹിദ്ദീൻ ഭികരൻ ബുർഹാൻ വാനിയെ സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സംഘർഷത്തിലായിരുന്ന കശ്മീർ അടുത്തിടെയാണ് സമാധാനത്തിന്റെ പാതയിലേക്കുവന്നത്. കർഫ്യൂ പിൻവലിക്കുകയും പൊതുഗതാഗതം ആരംഭിക്കുകയും ചെയ്തതിനെത്തുടർന്ന് ജനജീവിതം സാധാരണനിലയിലേക്കെത്തിയിട്ടു രണ്ടു ദിവസമേ ആയിരുന്നുള്ളൂ. ജൂലൈ ഒൻപതിന് പ്രതിഷേധം ആരംഭിച്ചതിനുശേഷം ഇതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും പ്രവർത്തിച്ചിരുന്നില്ല. കഴിഞ്ഞ രണ്ടുദിവസമായി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ ജോലിക്കെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY