ഐഎസിന്റെ സാന്നിധ്യം കേരളത്തിലും

219

കൊച്ചി ∙ ഭീകരസംഘടനയായ ഐഎസിന്റെ സാന്നിധ്യം കേരളത്തിലും പ്രകടമാക്കി ഫെയ്സ്ബുക് കൂട്ടായ്മ. എഴുത്തുകാരി തസ്‍ലിമ നസ്റിനെ വധിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റുകളേറെയും മലയാളത്തിലാണ്. കൂട്ടായ്മയുടെ പേര് അന്‍സാറുള്‍ ഖിലാഫ കേരള. അന്‍സാറുള്‍ ഖിലാഫ എന്നാല്‍ ഖലീഫയുടെ അനുയായികള്‍ എന്നര്‍ത്ഥം.

ഐഎസ് അടക്കം ഭീകരസംഘടനകളെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം മുൻപേതന്നെയുണ്ട്. മലയാളത്തില്‍ തുടരെ പോസ്റ്റുകളിട്ടാണ് ഭീകരപ്രവര്‍ത്തനത്തിനുള്ള ഐഎസിന്റെ ആഹ്വാനം പ്രചരിപ്പിക്കുന്ന ഫെയ്സ്ബുക്ക് പേജ് ശ്രദ്ധിക്കപ്പെട്ടത്. ബംഗ്ലദേശ് എഴുത്തുകാരി തസ്‍ലിമ നസ്റിന്‍റെ നോമ്പിനെതിരായ പരാമര്‍ശം ഉദ്ധരിച്ചാണ് പോസ്റ്റ്. കണ്ടുകിട്ടിയാല്‍ കൊന്നുകളയണം എന്നാണ് ആഹ്വാനം. ഇസ്‍ലാം മതവിശ്വാസികള്‍ അതിക്രമം നേരിടുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയും മലയാളത്തില്‍ പോസ്റ്റുകളുണ്ട്.

കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ഇന്ത്യയില്‍ ഒട്ടേറെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ മുജാഹിദീന്‍ കാലഹരണപ്പെട്ട ശേഷം അതില്‍ പ്രവര്‍ത്തിച്ചവര്‍ ചേര്‍ന്ന് 2013ല്‍ രൂപീകരിച്ച അന്‍സാറുള്‍ തൗഹാദ് എന്ന സംഘടനയുമായി ഈ കൂട്ടായ്മക്ക് ബന്ധമുണ്ടോയെന്ന് സംശയമുണ്ട്. അന്‍സാറുള്‍ തൗഹാദ് തികഞ്ഞ ഐഎസ് അനുഭാവികളുമാണ്. ക്രൂരതയുടെയും ഭീകരതയുടെയും അവസാനവാക്കായി ലോകത്തിന് മുന്‍പില്‍ സ്വയം പ്രതിഷ്ഠിക്കാന്‍ ഐഎസ് പുറത്തുവിട്ട സിറിയയില്‍ ബന്ധികളുടെ തലയറുക്കുന്ന ഫോട്ടോകളും അന്‍സാറുള്‍ ഖിലാഫ കേരള പേജിലുണ്ട്. അവിശ്വാസികളുടെ നാടായ ഇന്ത്യയില്‍ നിന്ന് എത്രയും വേഗം രക്ഷപെടാനാണ് ഇസ്‍ലാം മത വിശ്വാസികളോടുള്ള ഈ കൂട്ടായ്മയുടെ ആഹ്വാനം.
courtesy : manorama online

NO COMMENTS

LEAVE A REPLY