സ്മൃതി ഇറാനിയെ മാനവശേഷി വകുപ്പിൽനിന്ന് നീക്കി

204

ന്യൂഡൽഹി∙ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്കു പിന്നാലെ കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളിലും വൻ അഴിച്ചുപണി. മാനവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ തൽസ്ഥാനത്തുനിന്ന് നീക്കിയതാണ് അഴിച്ചുപണിയിലെ പ്രധാന മാറ്റം. ഇന്നു നടന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ കാബിനറ്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച പ്രകാശ് ജാവഡേക്കറാണ് പുതിയ മാനവശേഷി വകുപ്പ് മന്ത്രി. സ്മൃതി ഇറാനിക്ക് ടെക്സ്റ്റൈൽസ് വകുപ്പിന്റെ ചുമതല നൽകി.

പാർലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവിനെ വാർത്താവിനിമയ വകുപ്പിലേക്ക് മാറ്റി. നിയമവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന സദാനന്ദ ഗൗഡയേയും നീക്കിയിട്ടുണ്ട്. ടെലകോം മന്ത്രിയായിരുന്ന രവിശങ്കർ പ്രസാദാണ് പുതിയ നിയമവകുപ്പു മന്ത്രി. പുനഃസംഘടനയിൽ മന്ത്രിസ്ഥാനം ലഭിച്ച എം.ജെ.അക്ബർ വിദേശകാര്യ സഹമന്ത്രിയാകും. എച്ച്.അനന്തകുമാറാണ് പാർലമെന്ററികാര്യ മന്ത്രി. എസ്.എസ്. അലുവാലിയ കൃഷിവകുപ്പ് കൈകാര്യം ചെയ്യും.

മാനവശേഷി വകുപ്പുപോലെ സുപ്രധാനമായൊരു വകുപ്പ് താരതമ്യേന പുതുമുഖമായ സ്മൃതി ഇറാനിയെ ഏൽപ്പിച്ചതിൽ തുടക്കംമുതലേ വിമർശനമുയർന്നിരുന്നു. മാത്രമല്ല, വിവിധ സർവകലാശാലകളിൽ നടന്ന സമരങ്ങളുൾപ്പെടെ വകുപ്പിന് കീഴിൽ വരുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇറാനിക്ക് പിഴവുപറ്റിയതായും വിലയിരുത്തലുണ്ടായി. ഈ പശ്ചാത്തലത്തിലാണ് നരേന്ദ്ര മോദി മന്ത്രിസഭയിൽ ഏറ്റവും വിമർശനം കേട്ട മന്ത്രിമാരിലൊരാളായ ഇറാനിയുടെ വകുപ്പു മാറ്റിയത്.

നേരത്തെ, 19 പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചിരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ബംഗാൾ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ്, കർണാടക, അസം എന്നിവിടങ്ങളിൽനിന്നുള്ളവരാണ് പുതിയ മന്ത്രിമാർ. നിലവിലെ മന്ത്രിസഭയിൽനിന്ന് അഞ്ച് മന്ത്രിമാരെ ഒഴിവാക്കുകയും ചെയ്തിരുന്നു. നിഹാൽചന്ദ്, ആർ.എസ്.കതേരിയ, സൻവർലാൽ ജാട്ട്, മനുഷ്ഭായ് ഡി വാസവ, എം.കെ. കുണ്ടറിയ എന്നിവരെയാണ് ഒഴിവാക്കിയത്.
courtesy : manorama online

NO COMMENTS

LEAVE A REPLY