ഐഎസ് ബന്ധം: മുംബൈ സ്വദേശികളുടെ കസ്റ്റഡി നീട്ടി

209

കൊച്ചി: മലയാളികളെ ഇസ്ലാമിക് സ്റ്റേറ്റിലെത്തിച്ചെന്ന കേസിൽ പിടിയിലായ മുംബൈ സ്വദേശികളായ പ്രതികളുടെ കസ്റ്റഡി കാലാവധി ഈ മാസം 18 വരെ നീട്ടി. കേസിൽ യുഎപിഎ ചുമത്തപ്പെട്ട സാഹചര്യത്തിൽ ചോദ്യം ചെയ്യാൻ കൂടതൽ സമയം വേണമെന്ന പൊലീസിന്‍റെ ആവശ്യം മാനിച്ചാണ് കസ്റ്റഡി കാലവധി നീട്ടിയത്.
കൊച്ചിയിൽ നിന്ന് കാണാതായ മെറിൻ ജേക്കബിനെ കഴിഞ്ഞ മെയ് 16ന് ബംഗലൂരു വിമാനത്താവളം വഴി വിദേശത്തേക്ക് കടത്തിയത് മുംബൈ സ്വദേശികളായ അർഷി ഖുറേഷിയും റിസ്വാൻ ഖാനുമാണെന്നാണ് പൊലീസ് പറയുന്നത്. കേസിൽ പിടികിട്ടാനുള്ള മറ്റുള്ളവരുമായും പ്രതികൾക്ക് പങ്കുണ്ടെന്നും പൊലീസ് ആരോപിക്കുന്നു. യുഎപിഎ കൂടി ചുമത്തപ്പെട്ട സാഹചര്യത്തിൽ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കണമെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. പ്രതികളുടെ ഒരു വർഷത്തെ ടെലഫോൺ സംഭാഷണങ്ങൾ പരിശോധിക്കണം. മുബൈയിലെത്തിച്ച് തെളിവെടുക്കണം, ഇവരുടെ കൂട്ടാളി കാസർകോട് സ്വദേശി ഷിഹാദിനെ കശ്മീരിൽ നിന്ന് വിളിച്ചയാളെ കണ്ടെത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കസ്റ്റഡി കാലവധി നീട്ടാനുള്ള അപേക്ഷ പൊലീസ് സമർപ്പിച്ചത്.
ഐഎസിൽ ചേർന്നെന്ന് സംശയിക്കുന്ന കാസർകോട് സ്വദേശി അഷ്ഫാക്ക് ഒന്നാംപ്രതി അർഷിയുമായി സ്ഥിരം ഫോണിൽ സംസാരിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വസ്തുതകളെല്ലാം പരിഗണിച്ചാണ് എറണാകുളം ജില്ലാ പ്രിൻസിപ്പൻ സെഷൻസ് കോടതി പ്രതികളുടെ കസ്റ്റഡി കാലാവധി 10 ദിവസം കൂടി നീട്ടിയത്.

NO COMMENTS

LEAVE A REPLY