നരേന്ദ്ര മോദി പാക്കിസ്ഥാന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു: പാക്ക് സര്‍ക്കാര്‍

231

ഇസ്‍ലാമാബാദ് • ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടത്തിയ പ്രസംഗം യുഎന്നിന്റെയും രാജ്യാന്തര നിയമങ്ങളുടെയും ലംഘനമെന്ന് പാക്ക് ഉദ്യോഗസ്ഥര്‍. മറ്റുരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന നിയമമാണ് മോദി തെറ്റിച്ചതെന്നും പാക്ക് വിദേശകാര്യ സെക്രട്ടറി അസീസ് ചൗധരി പറ‍ഞ്ഞു. കശ്മീര്‍ തര്‍ക്കത്തില്‍ പാക്കിസ്ഥാനും കക്ഷിയാണെന്ന് യുഎന്നിന്റെ നിരവധി പ്രമേയങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ഇന്ത്യ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.പാക്കിസ്ഥാന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ടതിന് ഇന്ത്യ ഒരു വിശദീകരണവും നല്‍കിയില്ലെന്നും ചൗധരി പറഞ്ഞു. പാക്കിസ്ഥാന്‍ ഭീകരവാദം കയറ്റി അയയ്ക്കുകയാണെന്നും അയല്‍രാജ്യത്തെ ഒറ്റപ്പെടുത്തുമെന്നുമായിരുന്നു മോദിയുടെ പ്രസംഗം.
പാക്ക് സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയില്‍ സംസാരിച്ച മോദി അവിടെയുള്ള ജനങ്ങള്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യണമെന്നും പറ‍ഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് ചൗധരി ഇപ്പോള്‍ നല്‍കിയത്.പ്രകോപനകരമായ വാക്കുകളിലൂടെ പാക്കിസ്ഥാനെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്ന ഇന്ത്യന്‍ നേതാക്കളുടെ നടപടി ദൗര്‍ഭാഗ്യകരമാണ്. കശ്മീരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍നിന്നു ലോകത്തിന്റെ ശ്രദ്ധതിരിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും അസീസ് ചൗധരി പറഞ്ഞു. പാക്ക് മാധ്യമമായ ഡോണ്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.ഇന്ത്യ സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദം പാക്കിസ്ഥാനിലും നടക്കുന്നുണ്ടെന്ന് ചൗധരി ആരോപിച്ചു. ‘റോ’ ഉദ്യോഗസ്ഥനെ പാക്കിസ്ഥാനില്‍നിന്നും അറസ്റ്റ് ചെയ്തത് ഇതിന്റെ തെളിവാണ്.കശ്മീരിലെ സ്ഥിതിഗതികളില്‍ മോദിക്കുള്ള പരിഭ്രമമാണ് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് യുഎസിലെ പാക്ക് അംബാസിഡര്‍ ജലില്‍ അബാസ് ജിലാനി ആരോപിച്ചു. കശ്മീരില്‍ ജനങ്ങള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ മറച്ചുവയ്ക്കാനാണ് ഇന്ത്യയുടെ ശ്രമം. പാക്കിസ്ഥാനുനേരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം നിഷേധിക്കുന്നു. ഇന്ത്യന്‍ നേതാക്കള്‍ നയതന്ത്രത്തിന്റെ ഭാഷ മറന്നുപോയിരിക്കുന്നു. ഇത്തരം പ്രസ്താവനകളിലൂടെ ഇന്ത്യയ്ക്ക് കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമേല്‍ മറ തീര്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.