വിഷക്കള്ള് വിറ്റ തൊടുപുഴയിലെ പത്തു ഷാപ്പുകള്‍ പൂട്ടിച്ചു

250

തൊടുപുഴ: വിഷക്കള്ള് വിറ്റ തൊടുപുഴയിലെ പത്തു ഷാപ്പുകള്‍ക്ക് പൂട്ടുവീണു. പശപോലുളള രാസപദാര്‍ത്ഥം കലര്‍ത്തിയാണ് ഇവിടങ്ങളില്‍ കള്ള് വിറ്റിരുന്നത്. തൊടുപുഴ റേഞ്ചിലും ഏഴാം ഗ്രൂപ്പിലുംപെട്ട പത്ത് കളളുഷാപ്പുകളാണ് ആഴ്ചകളായ് അടഞ്ഞു കിടക്കുന്നത്. റേഞ്ചിലെ ഉരിയരിക്കുന്നു ഷാപ്പിലെയും ഏഴാം ഗ്രൂപ്പിലെ കാളിയാര്‍ ഷാപ്പിലെയും കള്ളുകളില്‍ പശപോലുളള രാസപദാര്‍ത്ഥം കലര്‍ത്തിയതായ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് നടത്തിപ്പുകാരുടെ ഷാപ്പുകള്‍ക്ക് താഴ് വീണത്.
ഓണത്തോടനുബന്ധിച്ച്‌ എക്സൈസ് വകുപ്പ് എടുത്തയച്ച സാമ്ബിളുകളിലെ മായം സ്ഥിരീകരിച്ചത് കാക്കനാട്ടെ സര്‍ക്കാര്‍ അനലിറ്റിക്കല്‍ ലാബാണ്. കള്ളിന്റെ അളവും വീര്യവും കൂട്ടാനായ് നടക്കുന്ന മായം കലര്‍ത്തല്‍ തടയാന്‍ എകൈസ് വകുപ്പ് നടത്തിയിട്ടുളള പരിശോധനകളില്‍ ആദ്യമായാണ് പശപോലുള്ള രാസപദാര്‍ത്ഥം പ്രയോഗിച്ചതായ് കണ്ടെത്തുന്നത്. എക്സൈസ് കമ്മീഷണര്‍ ലൈസന്‍സ് റദ്ദാക്കിയതിനു പുറമേ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ മറ്റു ഗ്രൂപ്പുകളില്‍ നിന്നുളള കളളുകളുടെ പരിശോധനാ ഫലം കിട്ടാത്തതിനാല്‍ പാലക്കാടു നിന്ന് വന്ന കള്ളിലാണോ ഷാപ്പിലാണോ മായം ചേര്‍ക്കപ്പെട്ടതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.