സിനിമാ സ്റ്റൈലില്‍ ഭാര്യയുടെ കൊലപാതകം ഒളിപ്പിക്കാന്‍ ശ്രമിച്ച മമ്മുട്ടി അകത്തായി

180

ചടയമംഗലം: ഭാര്യയെ കഴുത്തില്‍ തോര്‍ത്തുമുറുക്കി കൊലപ്പെടുത്തുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ദൃശ്യം സിനിമാസ്റ്റൈലില്‍ ഒരുക്കങ്ങള്‍ നടത്തുകയും ചെയ്ത് എല്ലാവരെയും കബളിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയിലായത് നാട്ടുകാരുടെയും ബന്ധുക്കളുടെയും പരാതിയെ തുടര്‍ന്ന്. ചടയമംഗലം അക്കോണം കുന്നുവിള വീട്ടില്‍ ഹലിമ ബീവിയെ (37) കൊന്ന കേസിലാണ് ഭര്‍ത്താവ് അഷ്റഫ് എന്ന മമ്മൂട്ടി-45 പൊലീസിന്റെ കണ്ണില്‍ പൊടിയിടാന്‍ തന്ത്രങ്ങള്‍ ആവിഷ്കരിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് വീട്ടിലെത്തിയ അഷറഫ് ഭാര്യയുമായി വഴക്കിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.

വഴക്കു മൂത്തതോടെ കയ്യില്‍കിട്ടിയ തോര്‍ത്തുമായി ഭാര്യക്കുനേരെ കുതിച്ച അഷ്റഫ് അപകടം മണക്കുംമുമ്ബുതന്നെ ഹലീമയുടെ കഴുത്തില്‍ തോര്‍ത്തിട്ടു മുറുക്കുകയായിരുന്നു. കൈകാലിട്ടടിച്ച ഭാര്യയുടെ ശ്വാസം നിലയ്ക്കുംവരെ കഴുത്തിലെ പിടി അയച്ചില്ല. എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചപോലെയായിരുന്നു പിന്നീട് അഷറഫിന്റെ പെരുമാറ്റം. ഭാര്യ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം പിന്നീടെല്ലാം വളരെ പഌന്‍ചെയതതുപോലെയായിരുന്നു അഷ്റഫിന്റെ നീക്കങ്ങള്‍.
തറ തുടച്ച്‌ വൃത്തിയാക്കി. തോര്‍ത്ത് മുറുകിയ കഴുത്ത് തിരുമ്മി പാടുകള്‍ മാറ്റി, ശ്വാസംകിട്ടാതെ പിടഞ്ഞ് പുറത്തേക്കുന്തിയ കണ്ണുകള്‍ തിരുമ്മി അടച്ചു. ഭാര്യയുടെ ദേഹത്ത് വെള്ളമൊഴിച്ച്‌ തോര്‍ത്തി, വസ്ത്രംമാറ്റി, പൗഡറും ഇട്ടുകൊടുത്തു. മുറിയില്‍ സ്ഥാനംതെറ്റിക്കിടന്നതെല്ലാം പഴയപടിയാക്കി. ഭാര്യയെ കട്ടിലില്‍ കിടത്തി. കുളികഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതുപോലെ രംഗം സജ്ജികരിച്ചശേഷം അഷ്റഫ് പള്ളിയിലേക്ക് വച്ചുപിടിച്ചു.
ദൃശ്യം സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ ജോര്‍ജുകുട്ടി മകള്‍ നടത്തിയ കൊലപാതകം മറച്ചുവയ്ക്കാന്‍ പള്ളിയിലേക്ക് ധ്യാനത്തിനു പോയതായി തെളിവുണ്ടാക്കിയതുപോലെയായിരുന്നു പിന്നീടുള്ള ഓരോ നീക്കങ്ങളും. അഷ്റഫ് കൊലപാതകം നടത്തിയ ശേഷം ഉച്ചക്ക് അരക്കോണത്തെ പള്ളിയില്‍ വെള്ളിയാഴ്ച നമസ്കാരത്തിന് വച്ചുപിടിച്ചു. ഏറെക്കാലമായി നിസ്ക്കാരത്തിനൊന്നും വരാത്ത അഷറഫ് പള്ളിയില്‍ എത്തിയതുകണ്ട് പലരും അത്ഭുതപ്പെട്ടു. താന്‍ ധ്യാനത്തിനു പോയി എന്നു മോഹന്‍ലാലിന്റെ കഥാപാത്രമായ ജോര്‍ജുകുട്ടി മറ്റുള്ളവരെ കൊണ്ടു പറയിച്ചതുപോലെ ഇവിടെ താന്‍ പള്ളിയിലുണ്ടായിരുന്നു എന്ന് ബോധ്യപ്പെടുത്താന്‍ പലരോടും സംസാരിച്ചു. അപ്പോള്‍ ആര്‍ക്കും ഇതില്‍ അസ്വാഭാവികത തോന്നിയില്ല. പള്ളിയില്‍ നിന്ന് തിരികെ വീട്ടിലേക്ക് പോകുമ്ബോഴും പരിചയക്കാരോടെല്ലാം കുശലം ചോദിച്ചുകൊണ്ടായിരുന്നു യാത്ര.
വീട്ടിലെത്തിയ അഷറഫ് നാടകത്തിലെ അടുത്ത രംഗത്തിലേക്ക് കടന്നു. നേരെ അയല്‍വീട്ടിലേക്ക് ചെന്ന് അവിടത്തെ വീട്ടമ്മയോട് തന്റെ ഭാര്യക്ക് എന്തോ പറ്റിയെന്നും വിളിച്ചിട്ട് വിളികേള്‍ക്കുന്നില്ലെന്നും പരിഭ്രമത്തോടെ പറഞ്ഞു. അയല്‍ക്കാരെല്ലാം ഓടിയെത്തി ഹലിമബീവിയെ വിളിക്കാന്‍ ശ്രമിച്ചു. അനക്കമില്ലത്തതിനാല്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. അവിടെയെത്തിയപ്പോള്‍ മരണം സ്ഥിരീകരിച്ചു. ഇതുകേട്ടപാടെ വാവിട്ടു നിലവിളിച്ച്‌ അഷ്റഫ് ഉത്തമ ഭര്‍ത്താവായി അഭിനയം തുടര്‍ന്നു. കൂടെയുണ്ടായിരുന്നവര്‍ ആശ്വസിപ്പിക്കുകയും പിന്നീട് വര്‍ക്കലയിലുള്ള ഹാലിമയുടെ ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു.
പക്ഷേ, വീട്ടില്‍ എന്നും വഴക്കും വക്കാണവുമായിരുന്നെന്ന് അറിയാമായിരുന്ന ബന്ധുക്കള്‍ക്കും അയല്‍പക്കത്തെ ചിലര്‍ക്കും ഹാലിമയുടെ മരണത്തില്‍ സംശയമുണ്ടായി. ബന്ധുക്കള്‍ മരണവിവരം അറിഞ്ഞ ഉടന്‍ അവിടേക്ക് പുറപ്പെടുംമുമ്ബേ പൊലീസിനെ വിവരമറിയിച്ചു. ഭര്‍ത്താവിനെ തങ്ങള്‍ക്ക് സംശയമുണ്ടെന്നും തങ്ങള്‍ വരുംമുമ്ബ് രക്ഷപ്പെടാതെ നോക്കണമെന്നും അവര്‍ പറഞ്ഞതോടെ പൊലീസ് ഇടപെടുകയായിരുന്നു.
അഷ്റഫിനെ വീട്ടില്‍ നിരീക്ഷണ വലയത്തിലാക്കി പൊലീസ് ഹലീമയുടെ ബന്ധുക്കളെത്താന്‍ കാത്തുനിന്നു. മരണസമയത്ത് താന്‍ പള്ളിയിലായിരുന്നുവെന്ന വാദമെല്ലാം അഷ്റഫിന്റെ അസ്വാഭാവിക പെരുമാറ്റത്തെപ്പറ്റി പലരും പറഞ്ഞതോടെ പൊളിഞ്ഞുവീണു. ഹലിമബീവിയുടെ ബന്ധുക്കള്‍ എത്തിയതോടെ കഥ മാറി. അവര്‍ വീട്ടില്‍ സ്ഥിരമായി വഴക്കുണ്ടാക്കുന്ന അഷറഫിനെക്കുറിച്ച്‌ എല്ലാം വിളിച്ചുപറഞ്ഞു. ഇതോടെ പൊലീസ് അഷറഫിനെ കസ്റ്റഡിയിലെടുത്തശേഷം ഹലിമബീവിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായതോടെ പൊലീസ് അഷറഫിനെ ചോദ്യം ചെയ്യാന്‍ തുടങ്ങി. താന്‍ നശിപ്പിച്ച തെളിവുകളും സൃഷ്ടിച്ച തെളിവുകളും അഷ്റഫിന്റെ എല്ലാം പൊളിഞ്ഞതോടെ അഷ്റഫ് പൊലീസിനോട് നടന്ന കാര്യങ്ങള്‍ തുറന്ന് പറഞ്ഞു.
ഇതിനുപുറമെ ഹാലിമാ ബീവിയുടെ ഡയറിയും പൊലീസ് പരിശോധിച്ചുവരികയാണ്. പതിനഞ്ച് വര്‍ഷമായുള്ള തങ്ങളുടെ ദാമ്ബത്യ ജീവിതത്തെക്കുറിച്ച്‌ എല്ലാ സംഭവങ്ങളും ഇതിലുണ്ടെന്ന് പൊലീസ് പറയുന്നു. പുനലൂര്‍ ഡിവൈ. എസ്. പി ഷാനവാസ്, കടയ്ക്കല്‍ സി. ഐ എസ്. സാനി, ചടയമംഗലം എസ്. ഐ സജു. പി. ദാസ് , അഡീഷണല്‍ എസ്. ഐ ശ്രീകുമാര്‍എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. അമ്മയെ നഷ്ടപ്പെടുകയും അച്ഛന്‍ അകത്താകുകയും ചെയ്തതോടെ സ്കൂള്‍വിദ്യാര്‍ത്ഥികളായ ഇവരുടെ രണ്ടുമക്കളുടേയും കണ്ണീരും നാട്ടുകാരുടേയും ബന്ധുക്കളുടേയും വേദനയായി മാറി.
വീട്ടില്‍ മാത്രമല്ല നാട്ടിലും വഴക്കാളിയായിരുന്ന അഷ്റഫിന്റെ ക്രൂരതയും തട്ടിപ്പും അറിഞ്ഞ് ഞെട്ടിത്തരിച്ചിരിക്കുകയാണ് നാട്ടുകാര്‍. പന്ത്രണ്ട് വര്‍ഷം മുമ്ബ് നടത്തിയിരുന്ന ഒരു കടയില്‍ നിന്ന് കെട്ടിട ഉടമ ഇറക്കിവിട്ടത് പൊലീസിന്റെ സഹായത്തോടെയാണ്. അതിനുശേഷം റോഡരുകില്‍ കടയിട്ടു. റോഡ് വികസനം വന്നപ്പോള്‍ നാട്ടുകാരുമായി തര്‍ക്കത്തിലായി . ആര്‍. ഡി. ഒവരെ എത്തിയാണ് അന്നത്തെ പ്രശ്നം പരിഹരിച്ചത്. ഭാര്യയുമായി നിരന്തരം വഴക്കിടുന്നത് അഷറഫിന്റെ ശീലമായിരുന്നു.

NO COMMENTS

LEAVE A REPLY