എഡിഎംകെ എംഎൽഎമാർ എവിടെയെന്ന് മദ്രാസ് ഹൈക്കോടതി

217

ചെന്നൈ: എഡിഎംകെ എംഎൽഎമാർ എവിടെയെന്ന് മദ്രാസ് ഹൈക്കോടതി. എംഎൽഎമാരെക്കുറിച്ച് വിവരങ്ങൾ അറിയിക്കാൻ പോലീസിനോട് കോടതി ആവശ്യപ്പെട്ടു. എംഎൽഎമാരെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം. എംഎൽഎമാരെ ശശികല തടവിൽ പാർപ്പിച്ചിരിക്കുന്നുവെന്നാണ് ഹർജിയിലെ ആരോപണം. വ്യാഴാഴ്ച ഹേബിയർ കോർപ്പസ് ഹർജി പരിഗണിച്ചപ്പോൾ എംഎൽഎമാർ എല്ലാം സ്വതന്ത്രരാണെന്നും അവർ എംഎൽഎ ഹോസ്റ്റലുകളിൽ ഉണ്ടെന്നുമാണ് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഇതേതുടർന്നാണ് ഹർജി ഇന്നത്തേക്ക് മാറ്റിയത്.

അതിനിടെ എഡിഎംകെയിലെ അധികാര വടംവലി മുറുകിയതോടെ തമിഴകം മുൾമുനയിൽ. രാജിവച്ച മുഖ്യമന്ത്രി ഒ.പനീർ ശെൽവവും എഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികലയും മന്ത്രിസഭയുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചതോടെ മുറുകിയ രാഷ് ട്രീയ കരുനീക്കം അതിന്‍റെ പാരമ്യതയിൽ എത്തി. ഇരുവരും വ്യാഴാഴ്ച മന്ത്രിസഭയുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു ഗവർണർ സി.വിദ്യാസാഗർ റാവുവിനെ കണ്ടെങ്കിലും അദ്ദേഹം ഇതുവരെ മനസ് തുറന്നിട്ടില്ല. ബിജെപിയുടെ സമ്മർദം ഗവർണർക്കുമേൽ ഉണ്ടെന്ന ആരോപണം പ്രതിപക്ഷം ഉയർത്തിക്കഴിഞ്ഞു.

എന്നാൽ, തനിക്കൊപ്പം ഉണ്ടെന്നു പറയുന്ന എംഎൽഎമാരെ ശശികല ബന്ദിയാക്കിവച്ചിരിക്കുകയാണെന്ന ആരോപണവുമായി പനീർശെൽവ വിഭാഗം രംഗത്തെത്തി. ഇവരെ രഹസ്യമായി പാർപ്പിച്ചിരിക്കുന്ന റിസോർട്ടുകളിൽ ഫോണും ടെലിവിഷനും നൽകാതെ തടവിലാക്കിയിരിക്കുകയാണെന്നും ഗവർണർ ഇടപെടണമെന്നുമാണ് പനീർശെൽവത്തിനൊപ്പം നിൽക്കുന്നവരുടെ ആവശ്യം.
തടഞ്ഞുവയ്ക്കപ്പെട്ട എംഎൽഎമാരിൽ ഒരു വിഭാഗം കടുത്ത പ്രതിഷേധത്തിൽ ആണെന്നും ഇവർ ഉപവാസം നടത്തുകയാണെന്നും അഭ്യൂഹമുണ്ട്. എന്നാൽ, ഇക്കാര്യങ്ങൾക്കൊന്നും സ്ഥിരീകരണമില്ല. അതേസമയം, ശശികല മുഖ്യമന്ത്രിയാകുന്നതു തടയണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയിലെത്തിയ ഹർജി കോടതി ഉടനെ പരിഗണിക്കില്ല. ശശികലയ്ക്കെതിരായ അനധികൃത സ്വത്ത് കേസിൽ വിധി വരാൻ പോകുന്നതിനാലാണ് ഈ ഹർജി തത്കാലത്തേക്ക് മാറ്റിയത്.

NO COMMENTS

LEAVE A REPLY