കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് രണ്ട് വനിതകള്‍അടക്കം 52 പേര നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

216

കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് രണ്ട് വനിതകള്‍അടക്കം 52 പേര്‍കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇതോടെ മൊത്തം 251 പേര്‍ അഞ്ച് ദിവസം കൊണ്ട് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.ഇതില്‍ 8 പേര്‍ വനിതകളാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌ക്കരിച്ചവരും പത്രിക നൽകിയവരിൽ ഉള്‍പ്പെടുന്നു. വോട്ടിംഗ് സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നവര്‍ ഇക്കുറി മത്സരരംഗത്ത് സജീവമാണെന്നത് ശ്രദ്ധേയമാണ്. ബഹിഷ്‌കരിച്ച് മാറി നിന്ന ഇസ്ലാമിസ്റ്റ് ഗ്രൂപ്പിലെ ഏഴ് അംഗങ്ങള്‍ ഇന്നലെ ഒരേ സമയത്ത് പത്രിക സമര്‍പ്പിക്കാനെത്തിയത് കൗതുകമായി. കഴിഞ്ഞ രണ്ടു പാര്‍ലമെന്റുകളിലും പ്രതിപക്ഷം പിന്നാക്കം പോയതായും രാജ്യത്തിന്റെ ക്ഷേമം പരിഗണിച്ചാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം അര്‍ഹിക്കുന്നവര്‍ക്കുള്ള വ്യക്തമായ സന്ദേശം നല്‍കിയെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നത് ഓരോ പൗരന്റെയും അവകാശമാണെന്നും ഇവര്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY