ജഡ്ജിമാര്‍ തെറ്റുപറ്റിയാല്‍ തിരുത്തണമെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേ കട്ജു

171

ദില്ലി: തെറ്റുപറ്റിയാല്‍ ജഡ്ജിമാര്‍ അത് തിരുത്തണമെന്ന് സൗമ്യകേസില്‍ വീണ്ടും ജസ്റ്റിസ് മാര്‍ക്കണ്ഡേ കട്ജു. സുപ്രീംകോടതി തന്നോട് അഭ്യര്‍ത്ഥിച്ചതുകൊണ്ടാണ് സൗമ്യ കേസില്‍ നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ തീരുമാനിച്ചതെന്നും ജസ്റ്റിസ് കട്ജുവിന്റെ പുതിയ ഫേസ്ബുക് പോസ്റ്റ് വ്യക്തമാക്കുന്നു. തെറ്റുപറ്റാത്തവരായി ജനിക്കുന്നവരല്ല ജഡ്ജിമാരെന്ന ലോകപ്രസിദ്ധ നിയമപണ്ഡിതനും ജഡ്ജിമായിരുന്ന ലോര്‍ഡ് ഡെന്നിംഗിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പുതിയ ഫേസ്ബുക് പോസ്റ്റ്. തെറ്റുപറ്റിയാല്‍ അത് തിരുത്താന്‍ തയ്യാറാകണം. തെറ്റുപറ്റാത്തവരായി ആരും ഉണ്ടാകില്ല. സുപ്രീംകോടതി ജഡ്ജിയായിരിക്കെ തനിക്കും തനിക്കും ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് ജസ്റ്റിസ് കട്ജു വിശദീകരിക്കുന്നു. സൗമ്യകേസിലെ സുപ്രീംകോടതി വിധിയില്‍ ഉണ്ടായ പിഴവ് തിരുത്തപ്പെടേണ്ടതാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ആ തെറ്റ് തിരുത്താന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ തയ്യാറാകണം. തനിക്ക് നോട്ടീസ് നല്‍കിയതായുള്ള സുപ്രീംകോടതി ഉത്തരവ് വന്നപ്പോള്‍ ആദ്യം ഹാജരാകേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. എന്നാല്‍ വിധിയിലെ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ജഡ്ജിമാര്‍ നോട്ടീസ് അയച്ചത്. അതുകൊണ്ടാണ് നവംബര്‍ 11ന് ഉച്ചക്ക് 2 മണിക്ക് സൗമ്യകേസിലെ പുനഃപരിശോധന ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ ഹാജരാകാന്‍ തീരുമാനിച്ചതെന്നും ജസ്റ്റിസ് കട്ജു പറയുന്നു. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പൂര്‍ണമായും സുപ്രീംകോടതി തള്ളിയിരുന്നു. നവംബര്‍ 11ന് ജസ്റ്റിസ് കട്ജു സുപ്രീംകോടതിയില്‍ എത്തി വാദങ്ങള്‍ നിരത്തുകയാണെങ്കില്‍ സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏറ്റവും അപൂര്‍വ്വ നടപടികൂടിയാകും അത്. ഐ.പി.സി 300 വകുപ്പിലെ ഉപവകുപ്പുകള്‍ പരിശോധിക്കാതെയാണ് സൗമ്യകേസിലെ വിധിയെന്ന് ജസ്റ്റിസ് കട്ജുവിന്റെ പ്രധാന ആരോപണം.

NO COMMENTS

LEAVE A REPLY