കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സമരം തുടരും

178

തിരുവനന്തപുരം: സര്‍ക്കാറുമായി ഇന്ന് ഉണ്ടാക്കിയ ധാരണകള്‍ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ സമരം തുടരാന്‍ തീരുമാനിച്ചു. സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണ പ്രകാരം സമരം പിന്‍വലിക്കുന്നുവെന്ന് ആദ്യം പ്രഖ്യാപിച്ച ജീവക്കാരുടെ സംഘടനകള്‍ വൈകുന്നേരം നിലപാട് മാറ്റുകയായിരുന്നു. ധാരണകള്‍ അംഗീകരിക്കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനിച്ച പുതിയ ഷിഫ്റ്റ് സമ്പ്രദായം അംഗീകരിക്കാനാകില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇന്ന് രാവിലെ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുമായി ജീവനക്കാരുടെ സംഘനകള്‍ നടത്തിയ ചര്‍ച്ചയില്‍ സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കാതെയുള്ള സമവായ നിര്‍ദ്ദേശങ്ങളാണ് അംഗീകരിച്ചത്. സിംഗിള്‍ ഡ്യൂട്ടി തുടരുമെന്നും എന്നാല്‍ 48 മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. അവധിയോ ആനുകൂല്യങ്ങളോ നിഷേധിക്കില്ല. നേരത്തെയുണ്ടായിരുന്ന ഡബ്ള്‍ ഡ്യൂട്ടി സമ്പ്രദായത്തിന് പകരം പകരം മൂന്ന് ഷിഫ്റ്റുകളിലായി എട്ട് മണിക്കൂര്‍ വീതം ഡ്യൂട്ടി നിശ്ചയിക്കും. രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെ 12 മണിക്കൂറുള്ള പ്രത്യേക ഷിഫ്റ്റ് തുടങ്ങാനും ധാരണയായിരുന്നു. അറ്റകുറ്റപ്പണികള്‍ എല്ലാം രാത്രി കാലത്തേക്ക് മാറ്റുമെന്നും മാസത്തില്‍ ഒരാഴ്ച മാത്രമേ നൈറ്റ് ഡ്യൂട്ടി ഉണ്ടാകൂവെന്നുമാണ് മന്ത്രി ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ചത്. ഈ ധാരണകള്‍ അംഗീകരിച്ച് സമരം പിന്‍വലിക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് സമരം തുടരുമെന്ന നിലപാട് സംഘടനകള്‍ സ്വീകരിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY