കൊച്ചി ബിനാലെയ്ക്ക് വ്യത്യസ്ത ആശയ-സൗന്ദര്യാത്മകതലം : നടന്‍ ധൃതിമാന്‍ ചാറ്റര്‍ജി

253

കൊച്ചി : അന്താരാഷ്ട്ര ബിനാലെ കലണ്ടറില്‍ സ്ഥാനം നേടാനുള്ള യാത്രയിലാണ് കൊച്ചി മുസിരിസ് ബിനാലെയെന്ന് മുതിര്‍ന്ന അഭിനേതാവ് ധൃതിമാന്‍ ചാറ്റര്‍ജി പറഞ്ഞു. ലോകത്ത് ബിനാലെകളുടെ വലിയൊരു പട്ടികയുണ്ടെങ്കിലും പങ്കെടുക്കുന്നവരുടെ ആവേശം കാരണം ഇന്ത്യയുടെ ബിനാലെയാണ് കൂടുതല്‍ ജനകീയമായത്. മാത്രമല്ല, വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന സംരംഭങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാനും ബിനാലെയ്ക്ക് കഴിയുന്നുണ്ടെന്ന് ചാറ്റര്‍ജി പറഞ്ഞു.

ഇന്ത്യയുടെ ഈ ഏക ബിനാലെയ്ക്ക് മറ്റ് ലോകനഗരങ്ങളിലെ ബിനാലെകളില്‍നിന്നുള്ള വ്യത്യസ്തതകളെക്കുറിച്ചും കൊച്ചി ബിനാലെയുടെ മൂന്നാം പതിപ്പിന്റെ ആശയ-സൗന്ദര്യാത്മക തലങ്ങളെക്കുറിച്ചും തന്റെ രണ്ടുദിവസ സന്ദര്‍ശനത്തിന് ശേഷം അഭിപ്രായം പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. ‘നീലാകാശം, പച്ചക്കടല്‍, ചുവന്നഭൂമി’ എന്ന ചിത്രത്തിലെ മികവാര്‍ന്ന പ്രകടനത്തിലൂടെ അദ്ദേഹം മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനാണ്.

കാണിയില്‍ സവിശേഷമായ ആശയപരിസരം സൃഷ്ടിക്കുന്ന കൊച്ചി മുസിരിസ് ബിനാലെ മുന്‍വിധികളില്ലാത്ത ആസ്വാദനമാണ് ആവശ്യപ്പെടുന്നതെന്ന് ചാറ്റര്‍ജി പറയുന്നു. ഇവിടെയെത്തിയത് തുറന്ന മനസോടെയാണ്. കാര്യമായ ഗവേഷണം ഒന്നുംതന്നെ ഇതേക്കുറിച്ച് നടത്തിയിരുന്നില്ല. ഇത്തരം മേളകള്‍ ക്യുറേറ്ററുടെ വീക്ഷണമാണ് വ്യക്തമാക്കുന്നത്. അതുസംബന്ധിച്ച അനുകൂല, പ്രതികൂല വിധിയെഴുത്തുകള്‍ സാധ്യമല്ല. ഇവ കേവലം കലാപ്രദര്‍ശനങ്ങള്‍ മാത്രമല്ല. ആശയതലത്തില്‍ ഇത് ഇന്ത്യന്‍ കാണിക്ക് പരിചിതമല്ലാത്ത ഒന്നാണ്. ഇത് ഉള്‍ക്കൊള്ളാന്‍ അല്‍പ്പം സമയമെടുക്കും. ശ്രദ്ധിക്കപ്പെടാതെ കിടന്നതും ഉപേക്ഷിക്കപ്പെട്ടതുമായ ഇടങ്ങള്‍ ചടങ്ങിന് ആതിഥ്യം വഹിക്കുന്നതിനായി പുനര്‍നിര്‍മ്മിക്കുകയും പുനരുദ്ധാരണം ചെയ്യപ്പെടുകയും ചെയ്തു. ഇത് കൊച്ചിയുടെ നഗരഭൂപടത്തിന് പുതുജീവന്‍ നല്‍കുകയും അതിന്റെ ഭംഗി വീണ്ടും ആസ്വദിക്കാന്‍ സന്ദര്‍ശകരെ പ്രേരിപ്പിക്കുയും ചെയ്യുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജിയോളജിസ്റ്റായ അച്ഛനൊപ്പം നടത്തിയ പഠനയാത്രകളില്‍ അച്ഛന്‍ സ്വയം പകര്‍ത്തിയ സ്ലൈഡുകള്‍ക്കായുള്ള ചിത്രങ്ങളിലൂടെയാണ് ദൃശ്യഭാഷയുടെ ലോകത്തേക്ക് ചാറ്റര്‍ജി കടന്നുവരുന്നത്. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പഠിക്കുന്ന കാലത്ത് സര്‍വ്വകലാശാലയുടെ ആദ്യ ഫിലിം സൊസൈറ്റി ആരംഭിക്കാന്‍ ചാറ്റര്‍ജി സഹായിച്ചു. സത്യജിത് റായ്, ശ്യാം ബെനഗല്‍ തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ ചലച്ചിത്രകാരന്മാരുമായി ആദ്യകാലത്തു തന്നെ പരിചയം സ്ഥാപിക്കുന്നതിന് ഇത് അദ്ദേഹത്തെ സഹായിച്ചു. റായിയുടെ ‘പ്രതിധ്വന്തി’, മൃണാള്‍ സെന്നിന്റെ ‘അകലേര്‍ സംന്ധാനേ’, അപര്‍ണ്ണ സെന്നിന്റെ ’36, ചൗരംഗീ ലെയിന്‍’, അശോക് വിശ്വനാഥന്റെ ‘ശൂന്യ തേകെ ശുരൂ’ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.

ദൃശ്യ-ശബ്ദ പശ്ചാത്തലത്തില്‍നിന്ന് വരുന്നതുകൊണ്ട് ആഖ്യാനങ്ങളും കഥകളും തിരയാനാണ് പരിശീലിച്ചിട്ടുള്ളതെന്ന് ധൃതിമാന്‍ ചാറ്റര്‍ജി പറയുന്നു. പ്രദര്‍ശനത്തിലിരിക്കുന്ന സൃഷ്ടിയുമായി സംവേദിക്കാന്‍ ഇത് സഹായിക്കുന്നു. മാത്രമല്ല, ദൃശ്യ-ശബ്ദ ഇന്‍സ്റ്റലേഷനുകള്‍ക്ക് ക്യുറേറ്റര്‍ കൂടുതല്‍ ഊന്നല്‍ കൊടുത്തിരിക്കുന്നു. മറ്റ് ബിനാലെകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊച്ചി മുസിരിസ് ബിനാലെ വളരെ ചെറുപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY