ശാസ്ത്രീയ നൃത്തത്തിലെ പാരമ്പര്യവാദത്തെ ചെറുത്ത് പദ്മിനി ചെട്ടൂര്‍ ബിനാലെയില്‍

228

കൊച്ചി: സമകാലീന കലയെന്നാല്‍ പെയിന്റിംഗുകളും ശില്‍പങ്ങളും പ്രതിഷ്ഠാപനങ്ങളും മാത്രമല്ലെന്ന് കൊച്ചി-മുസിരിസ് ബിനാലെ പ്രദര്‍ശനങ്ങള്‍ തെളിയിക്കുമ്പോള്‍ വര്‍ണം എന്ന നൃത്ത പ്രതിഷ്ഠാപനത്തിലൂടെ ശാസ്ത്രീയ നൃത്ത ശാഖയിലെ പരമ്പരാഗത നിലപാടുകളെ ചെറുത്തുകൊണ്ട് പ്രശസ്ത നര്‍ത്തകി ചെട്ടൂര്‍ ബിനാലെ വേദിയില്‍. ഭരതനാട്യത്തിലെ പ്രധാനഭാഗമാണ് വര്‍ണം. നര്‍ത്തകിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട അളവുകോല്‍. ബിനാലെയില്‍ ഒരുക്കിയിരിക്കുന്ന നൃത്യ സൃഷ്ടിയിലൂടെ വര്‍ണത്തെ പുനര്‍വ്യാഖ്യാനിക്കുകയാണ് പദ്മിനി ചെട്ടൂര്‍.

ഭരതനാട്യ നിഘണ്ടുവിലേക്ക് പുതിയ ഒരു ഏട് ചേര്‍ക്കാനാണ് താന്‍ ശ്രമിച്ചതെന്ന് പദ്മിനി ചെട്ടൂര്‍ പറയുന്നു. വര്‍ണത്തില്‍ ശരീരമെന്നത് ജൈവഘടകം മാത്രമാണ്. പുന:സൃഷ്ടിക്കപ്പെട്ട ജതികളലൂടെയാണ് അവ മുന്നോട്ട് പോകുന്നതെന്നും അവര്‍ പറഞ്ഞു.
പ്രേമമെന്ന വികാരത്തിന്റെ ആത്മനിര്‍ഭരതയും സൗന്ദര്യവും ഗാംഭീര്യവുമെല്ലാം വര്‍ണത്തിലൂടെ പകരുകയാണ് പദ്മിനിയുടെ ലക്ഷ്യം. ഇതിന്റെ ആദ്യ പ്രദര്‍ശനമാണ് ബിനാലെയുടെ ആദ്യ ദിനങ്ങളില്‍ നടന്നത്. രതിജന്യത, കാത്തിരിപ്പ്, നഷ്ടബോധം എന്നിങ്ങനെ പ്രേമത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിച്ചായിരുന്നു വര്‍ണത്തിന്റെ അവതരണം.

ശാസ്ത്രീയ നൃത്തത്തിലെ പരമ്പരാഗത രീതിയുടെ വിമര്‍ശകയായ പദ്മിനി അവഗണിക്കപ്പെട്ട കാമുകിയുടെ മന:ശക്തിയും പീഡനനാനുഭവങ്ങളും വരച്ചു കാണിക്കുന്നു. ദൂരത്തിന്റെയും കാത്തിരിപ്പിന്റെയും അനുഭവങ്ങള്‍ മെല്ലെയുള്ള ചലനങ്ങളിലൂടെ നര്‍ത്തകര്‍ അവതരിപ്പിക്കുന്നു. കൊച്ചി ബിനാലെയുടെ വേദികളിലൊന്നായ ഡേവിഡ് ഹാളിലാണ് മൂന്നു മണിക്കൂര്‍ നിണ്ടു നിന്ന പദ്മിനിയുടെ പ്രകടനം നടന്നത്. ഒരാഴ്ച നീണ്ടു നിന്ന പ്രകടനത്തില്‍ ചിരപരിചിതമായ പാട്ടുകള്‍, വേറിട്ടു നില്‍ക്കുന്ന നൃത്ത ചലനങ്ങള്‍, സമകാലീന എഴുത്തുകാരുടെ രചനകള്‍ എന്നിവ കൊണ്ട സമ്പന്നമായിരുന്നു.

ആദ്യ ആഴ്ചയ്ക്ക് ശേഷം മൂന്നു മണിക്കൂര്‍ നീണ്ട വര്‍ണം 22 മിനിട്ടുകളുള്ള ഭാഗങ്ങളായി ഡേവിഡ് ഹാളില്‍ വീഡിയോ പ്രദര്‍ശനം നടത്തിവരുന്നു. ഇതിലൂടെ കാഴ്ചക്കാര്‍ക്ക് പദ്മിനി ചെട്ടൂര്‍ വ്യത്യസ്തമായ കലാസൃഷ്ടിയുടെ വിവിധ മാനങ്ങള്‍ കാണാവുന്നതാണ്.
ഭരതനാട്യത്തിലെ മോഹനവര്‍ണത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് പദ്മിനി പറഞ്ഞു. പ്രാരംഭ പ്രാര്‍ത്ഥനാ ശ്ലോകത്തെ കീഴ്‌മേല്‍ മറിച്ചതും പ്രതിരോധത്തിന്റെ പ്രതീകമാണെന്ന് അവര്‍ പറഞ്ഞു.

പുരാണങ്ങളിലും ലാസ്യത്തിലുമൂന്നിയുള്ള ഇന്ത്യന്‍ ശാസ്ത്രീയ നൃത്തരൂപത്തെ പദ്മിനി തള്ളിക്കളയുകയാണ്. വിപ്ലവാത്മകമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമകാലീന നൃത്തങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടതെന്നാണ് അവരുടെ അഭിപ്രായം.കഥനങ്ങളിലൂടെയുള്ള നൃത്തരൂപങ്ങള്‍ ഇപ്പോള്‍ താന്‍ ചെയ്യാറില്ലെന്ന് പദ്മിനി പറയുന്നു. ബിനാലെ പോലുള്ള ഇടങ്ങളിലാണ് ഇപ്പോള്‍ താത്പര്യം മുഴുവന്‍. പാരമ്പര്യത്തിന് പുറത്ത് നടത്താവുന്ന പരീക്ഷണങ്ങള്‍ എന്നും ഊര്‍ജ്ജദായകങ്ങളാണെന്നും അവര്‍ പറയുന്നു. പദ്മിനിയുടെ വാള്‍ ഡാന്‍സിംഗ് എന്ന സൃഷ്ടി വിവിധ മ്യൂസിയങ്ങളിലും ഗാലറികളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

വര്‍ണം ബിനാലെയില്‍ അവതരിപ്പിക്കുകയെന്നത് വെല്ലുവിളിയായിരുന്നു. അവതരണ ഇടങ്ങള്‍ക്ക് ജീവന്‍ നല്‍കുകയെന്നതാണ് തന്റെ ലക്ഷ്യം. പാരമ്പര്യമായി ഇത്തരം ഇടങ്ങള്‍ ചിത്രങ്ങള്‍, ഉപാധികള്‍, വിഗ്രഹങ്ങള്‍ എന്നിവയുടേതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

NO COMMENTS

LEAVE A REPLY