അവന്‍ അവള്‍ക്ക് വേണ്ടി സംസാരിച്ചു; സിവില്‍ സ്റ്റേഷനില്‍ വേറിട്ട പരിപാടികളോടെ വനിതാ വാരാഘോഷം

126

കാസറകോട് : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുവികസന വകുപ്പ് വിനിതാ ദിന വാരാഘോഷം സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ചു. കേരളത്തില്‍ കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ച് 22 വര്‍ഷം പിന്നിടുമ്പോള്‍ സ്ത്രീകള്‍ എവിടെ എത്തിനില്‍ക്കുന്നുവെന്ന വിഷയത്തില്‍ കുടുംബശ്രീ മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ എം. രേഷ്മ സംസാരിച്ചു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന സ്ത്രീ ശാക്തീകരണ പരിപാടികളെന്ന വിഷയത്തില്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി പുഷ്പ സംസാരിച്ചു. സ്ത്രീ സംരക്ഷണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന സമഗ്ര പദ്ധതികളെക്കുറിച്ച് വനിതാ സംരക്ഷണ ഓഫീസര്‍ എം.വി സുനിത വിശദീകരിച്ചു.

തുടര്‍ന്ന് ‘അവന്‍ അവള്‍ക്ക് വേണ്ടി സംസാരിക്കുന്നു’ എന്ന പേരില്‍ വേറിട്ട പരിപാടിക്ക് വേദി സാക്ഷ്യം വഹിച്ചു. തന്റെ ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ സ്ത്രീകളെ ഓര്‍ത്ത് വിവിധ മേഖലകളിലെ പ്രഗല്‍ഭര്‍ സംസാരിച്ചു. കെട്ടകാലത്തെ സ്ത്രീ ജീവിതത്തെക്കുറിച്ചുള്ള ആകുലതകളും, ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന സ്ത്രീകള്‍ കൂടെ ഇല്ലാതെ വരുമ്പോള്‍ തിരിച്ചറിയുന്ന യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും സ്ത്രീകള്‍ അംഗീകരിച്ച് നല്‍കിയ പുരുഷ മേധാവിത്വം അവളെ വരിഞ്ഞു മുറുക്കുന്നുവെന്നുമുള്ള ആശയങ്ങള്‍ ചര്‍ച്ചയില്‍ ഉരിത്തിരിഞ്ഞു.

ഔദ്യോഗിക ജീവിതത്തില്‍ തന്നെ അത്ഭുതപ്പെടുത്തിയ സഹ പ്രവര്‍ത്തകരേയും കരിയര്‍ കെട്ടിപ്പടുക്കാന്‍ കൂടെ നിന്ന വനിതാ ഉദ്യോഗസ്ഥരേയും തുടങ്ങി അമ്മയേയും ഭാര്യയേയും മകളേയും കുറിച്ച് ജില്ലാ കളക്ടര്‍ സംസാരിച്ചു. സ്ത്രീ പുരുഷനെ ആശ്രയിക്കുന്നില്ലെന്നും മറിച്ച് ബെഡ് കോഫി മുതല്‍ദിവസം മുഴുവനും പുരുഷന്‍ സ്ത്രീയെ ആശ്രയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മാറിയ കുടുംബാന്തരീക്ഷത്തില്‍ അണുകുടുംബങ്ങള്‍ക്കൊപ്പം ചുരുങ്ങി പോകുന്ന മനസ്സിനെക്കുറിച്ചും ആ മനസ്സില്‍ നിന്നും വരുന്ന വികാരങ്ങല്‍ സ്ത്രീകള്‍ക്ക് വലിയ പ്രതിസന്ധികള്‍ വരുത്തിതീര്‍ത്തൊരു കെട്ടകാലത്താണ് നാം ജീവിക്കുന്നതെന്നും എ.ഡി.എം എന്‍.ദേവീദാസ് പറഞ്ഞു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ കണ്ടെത്തി അതിന് പരിഹാരം കണ്ടെത്താന്‍ കേരള സര്‍ക്കാര്‍ നടത്തുന്ന രാത്രി നടത്തം പോലുള്ള പദ്ധതികളെ അദ്ദേഹം പരിചയപ്പെടുത്തി.

ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുജീബ് റഹ്മാന്‍, അസിസ്റ്റന്റ് പ്ലാനിങ് ഓഫീസര്‍ അനില്‍ പി.വി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, കേന്ദ്രീയ വിദ്യാലയം 2 പ്രിന്‍സിപ്പാള്‍ കെ.പി തങ്കപ്പന്‍, മാധ്യമ പ്രവര്‍ത്തകന്‍ ടി.എ ഷാഫി തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍. ദേവീദാസ് അധ്യക്ഷനായിരുന്നു. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ഡീന ഭരതന്‍, വനിതാ സംരക്ഷണ ഓഫീസര്‍ എം.വി സുനിത എന്നിവര്‍ സംസാരിച്ചു.

NO COMMENTS