‘ഞാന്‍ ഒരു പരമാധികാര രാജ്യത്തിന്റെ തലവനാണ്. ഒരു അമേരിക്കന്‍ പാവയല്ല. അതുകൊണ്ട് തന്നെ ഫിലിപ്പീന്‍സുകാരല്ലാത്ത ഒരുത്തനോടും ഉത്തരം പറയേണ്ട കാര്യം എനിക്കില്ല.’ ബാക്കി പറഞ്ഞത് ഇവിടെ കുറിക്കാനാകില്ല. അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമയ്ക്ക് നേരെ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ട്ടേയുടേതായിരുന്നു പ്രസ്താവന. ചീത്ത വിളിച്ച പശ്ചാത്തലത്തില്‍ വൈറ്റ് ഹൗസ് ഫിലിപ്പീന്‍സുമായി നടത്താനിരിക്കുന്ന കൂടിക്കാഴ്ച ക്യാന്‍സല്‍ ചെയ്തു.തിങ്കളാഴ്ചയായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന് ഫിലിപ്പീന്‍സ് പ്രസിഡന്റ് അസഭ്യ വര്‍ഷം നടത്തിയത്. ഫിലിപ്പീന്‍സ് മയക്കുമരുന്നു കടത്തുകാരെ കൈകാര്യം ചെയ്യുന്ന രീതിയെയും വിചാരണ കൂടാതെ വധശിക്ഷ നടപ്പാക്കുന്നതിനെയും നേരത്തേ ഒബാമ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഇതിന് താന്‍ അമേരിക്കന്‍ പാവയല്ലെന്നും ഫിലിപ്പീന്‍സുകാര്‍ ഒഴികെയുള്ള ഒരാളോടും ഉത്തരവാദിത്വം പറയേണ്ട കാര്യം തനിക്കില്ലെന്നും പറഞ്ഞ ഡ്യുട്ടേര്‍ട്ടെ ഒബാമെയെ ശപിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു. ഈ ആഴ്ച ഒബാമയും ഡ്യുട്ടേര്‍ട്ടെയും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കെ ആയിരുന്നു പുതിയ വിവാദം തലപൊക്കിയത്.
ഇതോടെ കൂടിക്കാഴ്ച ക്യാന്‍സല്‍ ചെയ്ത ഒബാമ ചൊവ്വാഴ്ച പകരം ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗുവന്‍ ഹീ യുമായി കൂടിക്കാഴ്ച നടത്തും. ഒബാമയെ അസഭ്യം പറയുകയും ശപിക്കുകയും ചെയ്ത ഡ്യുട്ടേര്‍ട്ടെ ദക്ഷിണ ഫിലിപ്പീന്‍സിലെ മിന്‍ഡാനാവോ ദ്വീപിലെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം അമേരിക്കയാണെന്ന് കുറ്റപ്പെടുത്താനും മറന്നില്ല. ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങളെല്ലാം അമേരിക്കയില്‍ നിന്നും കിട്ടിയതാണെന്നും ഈ രാജ്യത്തേക്ക് കുടിയേറിയ അവര്‍ ജനങ്ങളെ അവരുടെ അധീനതയില്‍ ആക്കിയെന്നും നിയമപരമല്ലാത്ത കൊലപാതകങ്ങള്‍ റെക്കോഡ് നിലയിലേക്ക് ഇപ്പോള്‍ കൂടിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തില്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ എങ്ങിനെ പേരാടാതിരിക്കാനാകുമെന്നും ചോദിച്ചു.
കുടിയേറ്റക്കാരെ അവര്‍ അവിടെ എങ്ങിനെ കൈകാര്യം ചെയ്യുന്നോ അതുപോലെയാണ് ഇവിടെയും ചെയ്യുന്നതെന്നും പറഞ്ഞു. തിങ്കളാഴ്ച ഡ്യൂട്ടേര്‍ട്ടെയുമായി കൂടിക്കാഴ്ച പദ്ധതിയിട്ടിരുന്നു. അതുമായി മുന്പോട്ട് പോകുന്നില്ലെന്ന് പിന്നാലെ ഒബാമ പ്രതികരിച്ചു. എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ സൃഷ്ടിപരമായ ചില കാര്യങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കില്‍ ഉറപ്പാക്കാമായിരുന്നു എന്നും ഒബാമ പറഞ്ഞു.