കേരള ടൂറിസം പ്രതിസന്ധിയിലായപ്പോള്‍ കൈ പിടിച്ചുയര്‍ത്തിയത് ബിനാലെ : ഡോ. വേണു

263

കൊച്ചി: നോട്ടു നിരോധനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലാണെന്ന് തോന്നിച്ച സംസ്ഥാനത്തെ ടൂറിസം മേഖലയെ ഒറ്റയ്ക്ക് കൈപിടിച്ചുയര്‍ത്തിയത് കൊച്ചി-മുസിരിസ് ബിനാലെയാണെന്ന് കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വി പറഞ്ഞു. ബിനാലെ മൂന്നാം ലക്കം കാണാനെത്തിയതായിരുന്നു അദ്ദേഹം. ഒരു ഘട്ടത്തില്‍ വിദേശ സന്ദര്‍ശകരെ കിട്ടാതെ സംസ്ഥാനം പ്രതിസന്ധിയിലായിരുന്നു. സര്‍ക്കാരിനെ സഹായിച്ചുകൊണ്ട് സ്വന്തം നിലയ്ക്ക് സാമ്പത്തിക മേഖല ഉണ്ടാക്കിയെടുക്കുകയാണ് ബിനാലെ ഫൗണ്ടേഷന്‍ ചെയ്തതെന്ന് ഡോ വേണു വി പറഞ്ഞു. ഇതു മാത്രമല്ല, വിനോദസഞ്ചാരികളുടെ തിരക്ക് കുറഞ്ഞ് പ്രതിസന്ധിയിലായ കൊച്ചിയിലെ പ്രാദേശികവാസികള്‍ക്ക് സാമ്പത്തിക ഭദ്രത സൃഷ്ടിച്ചുനല്‍കിയതും ബിനാലെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിനാലെ ഫൗണ്ടേഷന് സര്‍ക്കാര്‍ നല്‍കുന്ന പണം മികച്ച നിക്ഷേപമാണെന്ന് അദ്ദേഹം പറഞ്ഞു. വിദേശങ്ങളില്‍ പോലും ഇന്ന് നമ്മുടെ ബിനാലെ അറിയപ്പെട്ടു കഴിഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ ഉത്തമോദാഹരണമാണ് കൊച്ചി-മുസിരിസ് ബിനാലെ എന്ന് അദ്ദേഹം പറഞ്ഞു. മനസില്‍ തട്ടുന്ന പ്രമേയങ്ങളാണ് ബിനാലെയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി ഡയറക്ടര്‍ ശാരദ മുരളീധരന്‍ പറഞ്ഞു. ബിനാലെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അവര്‍. ഇന്ന് ലോകം നേരിടുന്ന എല്ലാ പ്രതിസന്ധികളുടെയും പരിഛേദം ഇവിടുത്തെ കലാസൃഷ്ടികളില്‍ കാണാന്‍ സാധിക്കും. കാണികളെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ് ഈ പ്രദര്‍ശനങ്ങളെന്നും അവര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY