കൊച്ചി: സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകതയാണ് അതില്‍ അവതരിപ്പിച്ചു വരുന്ന ബഹുഭാഷാ ഗാനങ്ങള്‍. ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷാ ഗാനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയുടെ കഴിവും പല കുറി തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഈ പതിവ് തെറ്റിക്കാതെയാണ് കൊച്ചിന്‍ സിംഗേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇക്കുറി പരിപാടി അവതരിപ്പിച്ചത്. രോഗികള്‍ക്ക് സംഗീതത്തിലൂടെ സാന്ത്വനം പകരുന്ന കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയുടെ 166-ാമത് ലക്കമായിരുന്നു നടന്നത്. മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചു വരുന്നത്. നാലു ഗായകരാണ് ഇക്കുറി പങ്കെടുത്തത്. പ്രേം പള്ളുരുത്തി, ഷാജി പള്ളുരുത്തി, ഹിമ സുദര്‍ശന്‍, ഷാ കൊച്ചി എന്നിവരാണ് ഗായക സംഘത്തിലുണ്ടായിരുന്നത്. കണ്ണനു നേദിക്കാന്‍ കദളിപ്പഴം എന്ന വിഷുക്കണി ഗാനത്തോടെ ഷാജി പള്ളുരുത്തിയാണ് പരിപാടി തുടങ്ങിയത്. ആകെ 16 ഗാനങ്ങളാണ് നാലു ഗായകരും ചേര്‍ന്ന അവതരിപ്പിച്ചത്.മൂന്നു തമിഴ് ഗാനങ്ങളും ആറ് മലയാളം ഗാനങ്ങളും ഏഴ് ഹിന്ദി ഗാനങ്ങളുമാണ് ഇവര്‍ അവതരിപ്പിച്ചത്. 2010 ല്‍ രൂപം കൊണ്ട സംഘടനയാണ് കൊച്ചിന്‍ സിംഗേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍. നാല്‍പതില്‍പരം പ്രൊഫഷണല്‍ ഗായകര്‍ ഉള്‍പ്പെടുന്ന സംഘടനയാണിത്. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തുന്നുണ്ട്. ലോകഹൃദയ ദിനത്തോടനുബന്ധിച്ച് ഫോര്‍ട്ട്‌കൊച്ചി ആശുപത്രിയില്‍ ഹൃദയരാഗം എന്ന പരിപാടി വര്‍ഷം തോറും സംഘടിപ്പിക്കുന്നതും ഈ സംഘടനയാണ്.