ആണ്‍ – പെൺ വേർതിരിവു പാടില്ല : ഹൈക്കോടതി

553

കൊച്ചി ∙ എൽപി, യുപി സ്കൂളുകൾ മിക്സഡ് സ്കൂളുകളായി കണക്കാക്കണമെന്നു ഹൈക്കോടതി. പ്രൈമറി തലത്തിൽ ബോയ്സ് സ്കൂളിൽ പെൺകുട്ടികളെ ചേർക്കാനും തിരിച്ചും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയോ വിദ്യാഭ്യാസ ഓഫിസറുടെയോ പ്രത്യേകാനുമതിപോലും ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. പ്രത്യേക സാഹചര്യങ്ങളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിയന്ത്രണം ഏർപ്പെടുത്താതെ ഇക്കാര്യത്തിൽ മാറ്റം പാടില്ല.

കേരള വിദ്യാഭ്യാസ ചട്ടത്തിൽ യുപി വരെ ‘മിക്സഡ്’ സ്കൂൾ സമ്പ്രദായം പ്രോത്സാഹിപ്പിക്കണമെന്നു പറയുന്നതു കോടതി ചൂണ്ടിക്കാട്ടി. ‘‘കുട്ടികൾക്കിടയിൽ സാഹോദര്യവും അച്ചടക്കവും ധാർമികതയും വളരാൻ ഒന്നിച്ചുള്ള പഠനം സഹായകമാണ്. ആരോഗ്യകരമായ സാഹചര്യമൊരുക്കാൻ ഇതു നല്ലതാണ്. ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ചു നിർത്തുന്നതു വളർച്ചയ്ക്കും വ്യക്തിത്വ വികാസത്തിനും ദോഷമാണ്.’’ – കോടതി പറഞ്ഞു.

പ്രത്യേക സാഹചര്യത്തിൽ ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു പ്രവേശനം പരിമിതിപ്പെടുത്താം. പ്രത്യേക സാഹചര്യമില്ലെങ്കിൽ നിയന്ത്രണം എടുത്തുകളയാനും ഡയറക്ടർക്കു സാധ്യമാണ്. ഹൈസ്കൂൾ തലത്തിൽ ഗേൾസ് സ്കൂൾ പെൺകുട്ടികൾക്കു പരിമിതപ്പെടുത്താം. എന്നാൽ, പരിസരത്തു മറ്റു ബോയ്സ് സ്കൂൾ ഇല്ലെങ്കിൽ ഏഴുവരെ ക്ലാസുകളിൽ 12ൽ താഴെ പ്രായമുള്ള ആൺകുട്ടികളെ ചേർക്കാം. 12 വയസ്സു പൂർത്തിയാകുന്നതോടെ അക്കാദമികവർഷം കഴിയുമ്പോൾ സ്കൂൾവിട്ടു പോകണം. ഇതുപോലെ, സമീപത്തു മറ്റു ഗേൾസ് സ്കൂളില്ലെങ്കിൽ ഡയറക്ടറുടെ അനുമതിയോടെ ബോയ്സ് സ്കൂളിൽ പെൺകുട്ടികളെയും ചേർക്കാനും ചട്ടത്തിൽ വ്യവസ്ഥയുള്ളതു കോടതി ചൂണ്ടിക്കാട്ടി.

പാലക്കാട് കുനിശേരി സീതാറാം യുപി സ്കൂളിൽ ഒന്നാം ക്ലാസിൽ മകൾക്കു പ്രവേശനം നിഷേധിച്ചതിനെതിരെ കുനിശേരി സ്വദേശി ജയശ്രീ സമർപ്പിച്ച ഹർജി അനുവദിച്ചാണു ജസ്റ്റിസ് വി.ചിദംബരേഷിന്റെ ഉത്തരവ്. മൂത്തമകൻ പഠിക്കുന്ന അതേ സ്കൂളിൽ മകളെ ചേർക്കാനാണു കുട്ടിക്കു പ്രവേശനം തേടിയത്. എന്നാൽ, വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി വേണമെന്നു പറഞ്ഞു ഹെഡ്മാസ്റ്റർ അപേക്ഷ തള്ളിയ സാഹചര്യത്തിലാണു ഹർജി.
mamorama online

NO COMMENTS

LEAVE A REPLY