യൂറോ കപ്പ് ഫ്രാൻസിന് വിജയം

744

പാരിസ്∙ റുമേനിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഫ്രാൻസ് യൂറോ കപ്പ് 2016ലെ ആദ്യ വിജയം നേടി. മൽസരം അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ ദിമിത്രി പായെറ്റ് നേടിയ ഗോളാണ് ആതിഥേയർക്ക് വിജയം സമ്മാനിച്ചത്. ഒളിവർ ജിറൗഡ് (58) ഫ്രാൻസിന്റെ ആദ്യഗോൾ നേടിയപ്പോൾ ബോഗ്ദൻ സ്റ്റാൻസുവിന്റെ (65, പെനൽറ്റി) വകയായിരുന്നു റുമേനിയയുടെ സമനില ഗോൾ.
ആദ്യപകുതിയിൽ കളത്തിൽ ഫ്രാൻസ് മേധാവിത്തം പുലർത്തിയെങ്കിലും റുമേനിയയും പൊരുതിനിന്നു. ഫ്രാൻസ് നിലയുറപ്പിക്കുന്നതിന് മുൻപ് റുമേനിയയ്ക്ക് ലഭിച്ച കോർണർ ഏറെ പണിപ്പെട്ടാണ് ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് രക്ഷപ്പെടുത്തിയത്. ഇടയ്ക്ക് ഫ്രാൻസിന്റെ അന്റോണിയോ ഗ്രീസ്മാനും മികച്ചൊരു അവസരം ലഭിച്ചെങ്കിലും പോസ്റ്റ് വില്ലനായി.
ഗോളൊഴിഞ്ഞ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മൽസരത്തിന്റെ ഗതി നിർണയിച്ച ഗോളുകളെല്ലാം. ആർസനൽ താരമായ ഒളിവർ ജിറൗഡിന്റെ ഹെ‍ഡർ ഗോളിലൂടെ 58-ാം മിനിറ്റിൽ ഫ്രാൻസ് മുന്നിലെത്തി. ദിമിത്രി പായെറ്റ് ഉയർത്തി നൽകിയ പന്തിനെ ജിറൗഡ് തലകൊണ്ടു വലയിലേക്ക് തിരിച്ചുവിടുമ്പോൾ റുമേനിയൻ ഗോളി നിസഹായനായി.

മിനിറ്റുകൾക്കുള്ളിൽ റുമാനിയ ഗോൾ മടക്കി. ബോഗ്ദൻ സ്റ്റാൻസുവിനെ ബോക്സിനുള്ളിൽ പാട്രിക് എവ്റ വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റിയിൽ നിന്നായിരുന്നു ഗോൾ. കിക്കെടുത്ത സ്റ്റാന്‍സു നിഷ്പ്രയാസം ലക്ഷ്യം കണ്ടു. സ്കോർ: 1-1.

വിലപ്പെട്ട സമനിലസ്വപ്നവുമായി മടങ്ങാനൊരുങ്ങിയ റുമേനിയൻ ആരാധകരെ ഞെട്ടിച്ച് 89-ാം മിനിറ്റിൽ ഫ്രാൻസിന്റെ സമനില ഗോളെത്തി. ആദ്യഗോളിന് വഴിയൊരുക്കിയ ദിമിത്രി പായെറ്റായിരുന്നു ഇത്തവണ രക്ഷകനായത്. ബോക്സിന് പുറത്തുനിന്നും പായെറ്റ് തൊടുത്ത പൊള്ളുന്ന ഷോട്ട് ഗോളിക്ക് യാതൊരു അവസരവും നൽകാതെ പോസ്റ്റിന്റെ ഇടത്തേ മൂലയിൽ പതിച്ചു. ആതിഥേയരായ ഫ്രാൻസിന് വിജയത്തുടക്കം.

×

NO COMMENTS

LEAVE A REPLY