ജിഷ്ണുവിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറി

249

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജിലെ പീഡനങ്ങളെ തുടര്‍ന്ന് മരിച്ച ജിഷ്ണു പ്രണോയിയുടെ കുടുംമ്പത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം മന്ത്രി ടിപി രാമകൃഷ്ണന്‍ കൈമാറി. ജിഷ്ണുവിന്റെ വീട്ടിലെത്തിയ മന്ത്രി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. സംഭവത്തിന് ഉത്തരവാദികള്‍ ആയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്നും മന്ത്രി കുടുമ്പാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി. രാവിലെ ഒന്‍പതരയോടെയാണ് മന്ത്രി ടിപി രാമകൃഷ്ണന്‍ ജിഷ്ണുവിന്റെ വീട്ടിലെത്തിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം പത്ത് ലക്ഷം രൂപ മന്ത്രി ജിഷ്ണുവിന്റെ അച്ഛന്‍ അശോകന് കൈമാറി. അച്ഛനേയും അമ്മയേയും കുടുമ്പാംഗങ്ങളേയും മന്ത്രി ആശ്വസിപ്പിച്ചു. സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും മന്ത്രി രക്ഷിതാക്കളെ അറിയിച്ചു. കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും, അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കി അന്വേഷണത്തെ തടസപ്പെടുത്തരുതെന്നും മന്ത്രി പറഞ്ഞു.
അരമണിക്കൂറോളം മന്ത്രി ജിഷ്ണുവന്റെ വീട്ടില്‍ ചെലവിട്ടു. കേസ് അന്വേഷണത്തെ കുറിച്ചും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെകുറിച്ചും ജിഷ്ണുവിന്റെ അച്ഛന്‍, ആക്ഷന്‍ കമ്മിറ്റി പ്രതിനിധികള്‍ എന്നിവരോട് മന്ത്രി വിശദീകരിച്ചു. മന്ത്രിക്കൊപ്പം ഇ.കെ വിജയന്‍ എം.എല്‍.എയും തഹസീല്‍ദാര്‍ പികെ സതീഷ്‌കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY