ജിഷയുടെ പിതാവ് പാപ്പു തന്നെ

203

കൊച്ചി: പെരുന്പാവൂരിലെ ജിഷ കൊലക്കേസുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയവിവാദങ്ങളെ തള്ളി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം. യു.ഡി.എഫ്. കണ്‍വീനറായ പി.പി. തങ്കച്ചനാണ് ജിഷയുടെ പിതാവെന്ന് അന്വേഷണഘട്ടത്തില്‍ ആരോപണമുയര്‍ന്നെങ്കിലും ജിഷയുടെയും പിതാവ് പാപ്പുവിന്‍റെയും ഡി.എന്‍.എ സമാനമാണെന്നു കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ജിഷയുടെ പിതൃത്വം സംബന്ധിച്ച അപവാദങ്ങള്‍ കേസിനെ രാഷ്ട്രീയ വിവാദമാക്കിയതിനെത്തുടര്‍ന്നാണു ജിഷയുടെയും പിതാവിന്‍റെയും ഡി.എന്‍.എ പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചതും.ജിഷ തങ്കച്ചന്‍റെ മകളാണെന്നും ജിഷയുടെ അമ്മ രാജേശ്വരി 20 വര്‍ഷത്തോളം തങ്കച്ചന്‍റെ വീട്ടിലെ ജോലിക്കാരിയായിരുന്നുവെന്നും കൊലപാതകത്തിനു പിന്നില്‍ തങ്കച്ചനാണെന്നതടക്കമുള്ള ആരോപണങ്ങളുമായി സാമൂഹികപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
തുടര്‍ന്നുനടന്ന അന്വേഷണങ്ങളില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി തങ്കച്ചന്‍റെ മകനെയടക്കം നിരവധി പേരെ ഇതുമായി ബന്ധപ്പെടുത്തി ചോദ്യം ചെയ്തിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ച്‌ രംഗത്തുവന്നെങ്കിലും പി.പി തങ്കച്ചന്‍റെ നീണ്ട കാലത്തെ രാഷ്ട്രീയ ജീവതത്തില്‍ ഇരുണ്ട അധ്യായമായിരുന്നു ആരോപണങ്ങള്‍. കേസിലെ പ്രധാനപ്പെട്ട രണ്ടു തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്ത കാര്യവും കുറ്റപത്രത്തില്‍ പോലീസ് സമ്മതിക്കുന്നു. കൊല നടക്കുന്പോള്‍ അമീര്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുമാണ് അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിയാതിരുന്നത്. കൊല നടത്തുന്നതിനു രണ്ടുദിവസം മുന്‍പുതന്നെ മൊബൈല്‍ ഫോണ്‍ അമീര്‍ നശിപ്പിച്ചതായാണു പോലീസിന്‍റെ നിഗമനം. എന്നാല്‍ എന്തിനാണു മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതെന്നു കുറ്റപത്രം വ്യക്തമാക്കുന്നില്ല.
മേയ് ആദ്യം അസമിലെത്തിയ അമീര്‍ ജൂണ്‍ ആദ്യം അവിടെനിന്നു തമിഴ്നാട്ടിലേക്കു തിരിച്ചതായി ബന്ധുക്കളുടെ മൊഴിയുണ്ട്. അമീര്‍ സ്ഥിരമായി വലിക്കുന്ന ബീഡി സംബന്ധിച്ച മൊഴികള്‍ കേസില്‍ പ്രധാനപ്പെട്ടതാണെന്നും കുറ്റപത്രം ചൂണ്ടിക്കാണിക്കുന്നു. ഇതേ തരത്തിലുള്ള ബീഡിയാണ് ജിഷയുടെ വീടിനുസമീപം പോലീസ് കണ്ടെത്തിയത്. കഞ്ചാവ് വലിക്കുന്ന ദുശീലവും അമീറിനുണ്ടെന്ന് അടുത്ത ബന്ധു മൊഴി നല്‍കിയിട്ടുണ്ട്.
അമീറിന്‍റെ രണ്ടാം ഭാര്യ കാഞ്ചന, കാഞ്ചനയുടെ ആദ്യവിവാഹത്തിലെ മകന്‍ റൂബേല്‍ ഷെയ്ക്ക്, അമീറിന്‍റെ മാതാപിതാക്കളായ ഖദീജ, നിയാമുദീന്‍, സഹോദരങ്ങളായ ബദറുല്‍ ഇസ്ലാം, ആമിന ഖാത്തും എന്നിവരുടെ മൊഴികളും കേസില്‍ നിര്‍ണായകമാണ്. അമീറിന്‍റെ സ്വഭാവവൈകൃതങ്ങള്‍ സംബന്ധിച്ച്‌ അടുത്ത ബന്ധുക്കള്‍ നല്‍കിയിട്ടുള്ള മൊഴികളും കേസിലെ സാഹചര്യ തെളിവുകളും വളരെ പൊരുത്തപ്പെടുന്നവയാണ്.
ഏപ്രില്‍ 28 നു വൈകിട്ട് 5.30 നും ആറിനും ഇടയിലാണ് കൊല നടന്നത്. കൊല നടത്തിയശേഷം ജിഷയുടെ വീടിനു പിന്നിലൂടെ ഇറങ്ങിയ അമീര്‍ സഹോദരന്‍ ബദറുല്‍ ഇസ്ലാം താമസിക്കുന്ന വാടക വീട്ടിലെത്തി കുളിച്ചു.
ബദറിന്‍റെ വസ്ത്രങ്ങളും ധരിച്ചാണ് ആലുവ റെയില്‍വെ സ്റ്റേഷനിലേക്കു പോയത്. മാതാപിതാക്കളുമായി വഴക്കിട്ട് എട്ടു വര്‍ഷം മുന്‍പാണ് അമീര്‍ പെരുന്പാവൂരില്‍ എത്തിയത്.
മാതാപിതാക്കളുടെ അടുത്തേക്കു പോകുന്നുവെന്നു പറഞ്ഞതു കൊണ്ടാണു പണം നല്‍കിയതെന്നു ബദര്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. അസമിലുള്ള അമ്മയോടു ഫോണില്‍ സംസാരിച്ച ശേഷമാണ് അമീറിനു പണം നല്‍കിയത്.
അമീറിന്‍റെ കൂട്ടുകാരനെന്നു പറയപ്പെട്ട അനറുള്‍ ഇസ്ലാമിനെ സംബന്ധിച്ച വിവരങ്ങളൊന്നും കുറ്റപത്രത്തിലില്ല. ജിഷയുടെ വീട്ടില്‍ കണ്ടെത്തിയ അജ്ഞാത വിരലടയാളത്തെ പറ്റിയും കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. മദ്യപിച്ചാല്‍ അമീര്‍ സ്ഥിരം വഴക്കാളിയാണെന്ന ഒന്നിലധികം പേരുടെ മൊഴികള്‍ കുറ്റപത്രത്തിലുണ്ട്.

NO COMMENTS

LEAVE A REPLY