ദുബായ് ഓപ്പറ മന്ദിരം തുറന്നു

198

ദുബായ് ഓപ്പറ മന്ദിരം തുറന്നു. ഉരുവിന്‍റെ ആകൃതിയിലാണ് ദുബായ് ഓപ്പറ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് സമീപം ഡൗണ്‍ ടൗണ്‍ ദുബായിലാണിത്. ഒട്ടേറെ സ്റ്റേജ് കലാവിരുന്നുകള്‍ക്ക് ഇവിടം വേദിയാകും.
പ്രശസ്ത സ്പാനിഷ് കലാകാരന്‍ പ്ലാസിദോ ഡൊമിംഗോയുടെ കലാപരിപാടിയോട് കൂടിയാണ് ഉദ്ഘാടനം നടന്നത്. മൂന്ന് മണിക്കൂര്‍ നീണ്ട ഈ കലാപരിപാടി തിങ്ങി നിറഞ്ഞ സദസിലാണ് അവതരിപ്പിച്ചത്.
2000 ഇരിപ്പിടങ്ങളാണ് ദുബായ് ഓപ്പറയുടെ മുഖ്യ ഹാളില്‍ സജ്ജീകരിച്ചത്. ആധുനികതയും പരമ്പരാഗത രീതികളും സമന്വയിപ്പിച്ചുകൊണ്ടാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണം.
ഇനിയുള്ള ദിവസങ്ങളില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാപരിപാടികള്‍ ഇവിടെ അരങ്ങേറും. സംഗീത പരിാപാടികള്‍, തീയറ്റര്‍ കലാരൂപങ്ങള്‍, പ്രദര്‍ശനമേളകള്‍ തുടങ്ങിയവയെല്ലാം ഈ കെട്ടിടത്തില്‍ നടത്താനാണ് അധികൃതരുടെ തീരുമാനം.
മൂന്ന് നിലകളിലായുള്ള ഓപറ ഹൗസിന്‍റെ മുകള്‍ നിലയില്‍ ഒരു റസ്റ്റോറന്‍റും പ്രവര്‍ത്തിക്കുന്നുണ്ട്.