തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

173

ദില്ലി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. മാനനഷ്ട ഹര്‍ജികളെ മറ്റുള്ളവര്‍ക്കെതിരെയുള്ള ആയുധമാക്കരുതെന്ന് കോടതി വ്യക്തമാക്കി. പൊതുപ്രവര്‍ത്തകര്‍ വിമര്‍ശനങ്ങള്‍ക്കതീതരല്ലെന്നു മനസിലാക്കണമെന്നു തുറന്നടിച്ച കോടതി മാനനഷ്ട ഹര്‍ജി ജനാധിപത്യത്തെ കശാപ്പു ചെയ്യാന്‍ ഉപയോഗിക്കരുതെന്നും വ്യക്തമാക്കി.
പൊതു മദ്ധ്യത്തിൽ നിൽക്കുമ്പോൾ അസഹിഷ്ണുത പാടില്ലെന്നും വിമർശനങ്ങൾ ജയലളിത ഉൾകൊള്ളണമെന്നും സുപ്രീം കോടതി ജയലളിതയോട് പറഞ്ഞു. തന്‍റെ ആരോഗ്യത്തെ പറ്റി ലേഖനം എഴുതിയ ഓണ്‍ലൈന്‍ പോർട്ടൽ റെഡിഫ് ഡോട്ട് കോമിനെതിരെ സുപ്രീംകോടതിയിൽ ജയലളിത നൽകിയ മാനനഷ്ട കേസ്സിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
മാനനഷ്ടകേസ് ഫയൽ ചെയ്യാനുള്ള അവകാശം പൊതു പ്രവർത്തകർ ദുരുപയോഗം ചെയ്യുന്നത് ആശാസ്യമല്ലെന്നും സുപ്രീംകോടതി പറഞ്ഞു.
തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന അത്രയും മാനനഷ്ടക്കേസുകള്‍ മറ്റൊരു സര്‍ക്കാരും നല്‍കിയിട്ടില്ലെന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 213 മാനനഷ്ടക്കേസുകളാണ് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയതെന്നും രാജ്യത്തെ പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടി. ഇത്തരം പ്രഹസനങ്ങള്‍ ഇനി അനുവദിക്കാനാവില്ലെന്നും കോടതി തുറന്നടിച്ചു.

NO COMMENTS

LEAVE A REPLY