സിബിഐയുടെ സത്യവാങ്മൂലം : സിബിഐ ഡയറക്ടര്‍ക്ക് ജേക്കബ് തോമസിന്‍റെ കത്ത്

168

കൊച്ചി: ഹൈക്കോടതിയില്‍ സിബിഐ നല്‍കിയ സത്യവാങ്മൂലം സംബന്ധിച്ച്‌ സിബിഐ ഡയറക്ടര്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കത്തെഴുതി. സിബിഐയുടെ സത്യവാങ്മൂലം അസാധാരണ നടപടിയായിരുന്നെന്ന് കത്തില്‍ പറയുന്നു.
ജേക്കബ് തോമസ് അവധിയെടുത്ത് സ്വകാര്യ കോളേജില്‍ പഠിപ്പിക്കാന്‍ പോയി എന്ന ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലം സംബന്ധിച്ചാണ് കത്ത്. ഈ സത്യവാങ്മൂലത്തില്‍ സാധാരണ നടപടിക്രമങ്ങളല്ല ഉണ്ടായിരിക്കുന്നത്. ഡയറക്ടറുടെ അറിവോടെയാണോ ഈ നടപടിയെന്ന് വ്യക്തമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സിബിഐയെ കേസ് ഏല്‍പ്പിക്കണം എന്നുമായിരുന്നു സിബിഐ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. ഇതു സംബന്ധിച്ചാണ് ജേക്കബ് തോമസ് സിബിഐ ഡയറക്ടര്‍ക്ക് കത്തയച്ചിരിക്കുന്നത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള മറ്റു പല കേസുകളിലും കാണിക്കാത്ത താത്പര്യം ഈ കേസില്‍ കാണിച്ചു എന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കത്തിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും കൈമാറിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY