അവയവദാനത്തിന് സര്‍ക്കാര്‍ രജിസ്ട്രി തയാറാക്കാന്‍ ഒരുങ്ങുന്നു

184

തിരുവനന്തപുരം: ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവദാനത്തിന് സര്‍ക്കാര്‍ രജിസ്ട്രി തയാറാക്കാന്‍ ഒരുങ്ങുന്നു . ഇത്തരം അവയവദാന സംവിധാനത്തിന് സര്‍ക്കാര്‍ മേല്‍നോട്ടം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം . അവയവദാനത്തിന്റെ മറവില്‍ തട്ടിപ്പുകള്‍ ഏറുകയാണെന്ന വാര്‍ത്തകളെത്തുടര്‍ന്നാണ് ഈ നീക്കം. ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവ ദാനത്തിന് സര്‍ക്കാരാണ് അനുമതി നല്‍കുന്നതെങ്കിലും ദാതാക്കളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കാറില്ല. ആദ്യഘട്ടത്തില്‍ അവയവം സ്വീകരിക്കുന്ന രോഗിയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കുമെങ്കിലും അതിനും തുടര്‍ നടപടികളില്ല. പണം നല്‍കി അവയവങ്ങള്‍ സ്വീകരിക്കുന്ന ഘട്ടത്തില്‍ ദാതാക്കളും സ്വീകര്‍ത്താക്കളും ഇടനിലക്കാരുടെ തട്ടിപ്പിനിരയാകുന്നൂവെന്ന പരാതികളും ഉണ്ട്. ഈ സാഹചര്യത്തിലാണ് ജീവിച്ചിരിക്കുന്നവരിലെ അവയവമാറ്റം നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. അവയവദാനത്തിന് സന്നദ്ധമായവരുെട രജിസ്ട്രി തയാറാക്കുകയാണ് ആദ്യപടി. അതേസമയം സര്‍ക്കാര്‍ നടപടിക്കു മുന്നില്‍ കടമ്പകളേറെയുണ്ട്. ദാതാവിന് സൗകര്യമുള്ള ആശുപത്രികള്‍ തിരഞ്ഞെടുക്കാനാകുമോയെന്നതും അവയവദാനശേഷം ദാതാവിനെ നിരീക്ഷിക്കാനുള്ള തുടര്‍ സംവിധാനമുണ്ടാകുമോയെന്നതും ഇവിടെ ഉയരുന്ന പ്രശ്‌നങ്ങളാണ്. ഇത്തരം സങ്കീര്‍ണ പ്രക്രിയകള്‍ക്ക് വ്യക്തത വരുത്തിയശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂവെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY