കാസര്‍കോട്ട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എസ് എഫ് ഐ നേതാവ് മരിച്ചു

250

കാസര്‍കോട് : കാസര്‍കോട്ട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എസ് എഫ് ഐ നേതാവ് മരിച്ചു. എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ നുള്ളിപ്പാടി ചെന്നിക്കരയിലെ അഹ് മദ് അഫ്സല്‍ (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുല്ലൂര്‍ സ്വദേശി വിനോദിനും (23), സീതാംഗോളിയിലെ നാസറിനും ഗുരുതരമായി പരിക്കേറ്റു. പൊവ്വല്‍ എല്‍ ബി എസ് കോളജില്‍ നടക്കുന്ന കണ്ണൂര്‍ യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ സംഘാടകരായ ഇവര്‍ പുലര്‍ച്ചെ നാല് മണിയോടെ കോളജിലേക്ക് പോകുന്നതിനിടെ നായമാര്‍മൂല പാണലത്ത് വെച്ചാണ് അപകടത്തില്‍ പെട്ടത്. മൂന്നുപേരെയും മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അഫ്സലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകനായ അഫ്സലിന്റെ മരണം വിദ്യാര്‍ത്ഥികളെയും സംഘടനാ പ്രവര്‍ത്തകരെയും ഒരുപോലെ ദുഃഖത്തിലാക്കി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മുഖ്യസംഘാടകനായ അഫ്സലിന്റെ മരണത്തെ തുടര്‍ന്ന് കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ശനിയാഴ്ചത്തെ കലോത്സവ പരിപാടികള്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചതായി കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് അറിയിച്ചു.

NO COMMENTS

LEAVE A REPLY