പോലീസ് സ്റ്റേഷനിലെ പ്രസംഗം : പി.ജയരാജനെ ശാസിച്ച്‌ സി.പി.എം

166

തിരുവനന്തപുരം: പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി വരാന്തയില്‍ മൈക്ക് വച്ചു പ്രസംഗിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നടപടിയെ ശാസിച്ച്‌ പാര്‍ട്ടി നേതൃത്വം. ഞായറാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിനിടയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജയരാജന്റെ നടപടിക്കെതിരെ രംഗത്തുവന്നത്.ബിഎംഎസ് പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നന്ദകുമാറിനെതിരെ കാപ്പ നിയമം ചുമത്തിയ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ പയ്യന്നൂര്‍ സ്റ്റേഷനിലേക്ക് സിപിഎം മാര്‍ച്ച്‌ നടത്തിയിരുന്നു.ഈ മാര്‍ച്ചിനിടയിലാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയതും സ്റ്റേഷന്‍ വരാന്തയില്‍ മൈക്ക് വച്ചു സംസാരിച്ചതും.ഈ സംഭവം സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ചയായപ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്ബോള്‍ ജയരാജനെ പോലൊരു നേതാവ് പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയത് ശരിയല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചത്. കണ്ണൂരില്‍ ജയരാജന്‍ ഇങ്ങനെ ചെയ്താല്‍ മറ്റിടങ്ങളിലും അതാവര്‍ത്തിക്കപ്പെടുമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.പ്രവര്‍ത്തകനെതിരെ കാപ്പ ചുമത്തിയതിനാലാണ് സമരം സംഘടിപ്പിച്ചതെന്നും പ്രതിപക്ഷത്ത് ഇരിക്കുമ്ബോഴും സിപിഎം അന്യായമായി കാപ്പ ചുമത്തുന്നതിനെതിരെ സമരം നടത്തിയിട്ടുണ്ടെന്നും വിമര്‍ശങ്ങള്‍ക്ക് മറുപടി പറയവേ ജയരാജന്‍ ചൂണ്ടിക്കാട്ടി. തന്റെ നടപടി തെറ്റായിപ്പോയെങ്കില്‍ അതില്‍ ഖേദിക്കുന്നുവെന്നും സംസ്ഥാന സെക്രട്ടറിയുടെ തിരുത്ത് അംഗീകരിക്കുന്നുവെന്നും ജയരാജന്‍ പറഞ്ഞു.എന്നാല്‍ എല്‍ഡിഎഫ് അധികാരത്തിലിരിക്കുമ്ബോള്‍ പോലീസ് നടപടികളില്‍ പ്രതിഷേധമുണ്ടെങ്കില്‍ അത് പാര്‍ട്ടിക്കുള്ളിലോ സര്‍ക്കാരിലോ വേണം ആദ്യം അവതരിപ്പിക്കേണ്ടതെന്നും ആ രീതിയിലുള്ള പരിഹാരത്തിനാണ് ആദ്യം ശ്രമിക്കേണ്ടതെന്നും ജയരാജന് നല്‍കിയ മറുപടിയില്‍ കോടിയേരി വ്യക്തമാക്കി.