സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലെ അനധികൃത താമസക്കാര്‍ ഒഴിയേണ്ടിവരും : ജി സുധാകരന്‍

161

തിരുവനന്തപുരം: സര്‍ക്കാര്‍ മാറിയാലും മുന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളും ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ് ഒഴിയാറില്ല. യുഡിഎഫ് സര്‍ക്കാര്‍ മാറി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മാസങ്ങളായിട്ടും ക്വാര്‍ട്ടേഴ്സ് മാറാത്ത വിരുതന്‍മാരുണ്ട്. ഇവരൈല്ലാം ഒഴിപ്പിക്കുമെന്നാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറയുന്നത്.പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍പെട്ട വളരെ കുറച്ച്‌ പേര്‍ക്കുമാത്രമെ ഇതുവരെ ക്വാര്‍ട്ടേഴ്സുകള്‍ നല്‍കാന്‍ കഴിഞ്ഞുള്ളു എന്നും അനധികൃത താമസക്കാര്‍ ഉടന്‍ ഒഴിഞ്ഞ് പോകണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു.പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും പിരിഞ്ഞാല്‍ ഒരു മാസത്തിനകം ക്വാര്‍ട്ടേഴ്സുകള്‍ ഒഴിഞ്ഞു കൊടുക്കേണ്ടതാണ്. മുന്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആയിരുന്നാലും പേഴ്സണല്‍ സ്റ്റാഫ് എന്ന നിലയില്‍ ലഭിച്ച ക്വാര്‍ട്ടേഴ്സിലാണ് ഇപ്പോഴും താമസിക്കുന്നതെങ്കില്‍ ഒരുമാസത്തിനകം ക്വാര്‍ട്ടേഴ്സ് ഒഴിയണമെന്നാണ് വ്യവസ്ഥ.സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ് അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയിട്ടുണ്ട്. സ്ത്രീ ജീവനക്കാര്‍ക്ക് 50% ക്വാര്‍ട്ടേഴ്സുകള്‍ പുതിയ ചട്ട ഭേഗതി അനുസരിച്ച്‌ സംവരണം ചെയ്തിട്ടുണ്ട്. പ്രതിപക്ഷനേതാവിന്റെ പേഴ്സണല്‍ സ്റ്റാഫിനും ഇനി സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ ലഭിക്കും.
ഇതുവരെ പ്രതിപക്ഷനേതാവിന്റെ സ്റ്റാഫിനെ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ദൂരെ നിന്നും വരുന്ന ജീവനക്കാര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. പെന്‍ഷനായതിന് ശേഷവും സ്ഥലം മാറ്റം ലഭിച്ചതിന് ശേഷവും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ തുടര്‍ന്നും ഉപയോഗിക്കുന്നതിന്റെ കാലാവധി ആറ് മാസത്തില്‍ നിന്നും മൂന്നു മാസമായി കുറച്ചു. പേഴ്സണല്‍ സ്റ്റാഫിന്റെ ഉപയോഗത്തിനായി നിശ്ചയിച്ചിരുന്ന ക്വാര്‍ട്ടേഴ്സുകളുടെ എണ്ണം 75 ല്‍ നിന്നും 200 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY