ഭോപ്പാല്‍• കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയ്ക്കുനേരെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മഷിയേറ്. ഭോപ്പാല്‍ എയിംസ് ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തുവന്ന മെഡിക്കല്‍ വിദ്യാര്‍ഥികളാണ് സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിയുടെ ദേഹത്തേക്ക് മഷിയെറിഞ്ഞത്. എയിംസ് കാംപസില്‍ അധികൃതരെ സന്ദര്‍ശിച്ചശേഷം മടങ്ങുന്നതിനായി കാറില്‍ കയറുമ്ബോഴാണ് സമരക്കാര്‍ക്കിടയില്‍നിന്ന് മന്ത്രിക്കു നേരെ മഷിയേറുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ മന്ത്രിയെ സംഭവസ്ഥലത്തുനിന്ന് മാറ്റി.
ഭോപ്പാലില്‍ എയിംസ് ആരംഭിച്ചിട്ട് 13 വര്‍ഷം പിന്നിട്ടെങ്കിലും ഇപ്പോഴും ഡിപ്പാര്‍ട്ട്മെന്റിലെ പകുതിയും പ്രവര്‍ത്തനക്ഷമമല്ലെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി.എപ്പോഴൊക്കെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയോ, അപ്പോഴൊക്കെ തങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തപ്പെട്ടുവെന്നും സമരക്കാര്‍ ആരോപിച്ചു. സംഭവസ്ഥലത്തെത്തിയ മന്ത്രിയോട് തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടെങ്കിലും മന്ത്രി പോകാനുള്ള തിരക്കിലായിരുന്നു. അതിനാലാണ് മന്ത്രിക്കുനേരെ മഷിയെറിഞ്ഞതെന്നും വിദ്യാര്‍ഥികളിലൊരാള്‍ പ്രതികരിച്ചു.
മന്ത്രിയെത്തുമ്ബോള്‍ അന്‍പതിലധികം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സമരസ്ഥലത്തുണ്ടായിരുന്നു. കാംപസിലെത്തിയ മന്ത്രിയെ തടയാന്‍ ശ്രമിച്ചതോടെ സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ബലം പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് നിസാര പരുക്കേറ്റു.