ദില്ലി: കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ആശങ്ക മറികടക്കാന്‍ ഇടപെടുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ്. കേരളത്തിലെ ക്രൈസ്തവ സഭാ നേതാക്കള്‍ക്കാണു പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്. കോടതികളുടെ എതിര്‍പ്പും സന്നദ്ധ സംഘടനകളുടെ നിസഹകരണ നിലപാടും പലപ്പോഴും പ്രശ്നപരിഹാരത്തിനു തടസമാകാറുണ്ടെന്നു പ്രധാനമന്ത്രി സഭാ നേതാക്കളെ അറിയിച്ചു.
പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരി രംഗന് സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെക്കുറിച്ചു നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കേരളത്തിലെ ക്രൈസ്തവ സഭാ നേതാക്കളും എംപിമാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ആര്‍ച്ചുബിഷപ്പ് കുര്യക്കോസ് ഭരണികുളങ്ങര, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
കേരളത്തിന്റെ ആശങ്കകള്‍ സഭാ നേതാക്കള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. കോടതികളുടെ എതിര്‍പ്പും സന്നദ്ധ സംഘടനകളുടെ നിസഹകരണവും പലപ്പോഴും പ്രശ്നപരിഹാരത്തിനു തടസമാകാറുണ്ടെന്നു സഭാ നേതാക്കളോട് പ്രധാനമന്ത്രി പറഞ്ഞു. എങ്കിലും പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാമെന്ന് ഉറപ്പ് കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നല്കി.
പ്രശ്നത്തില്‍ അടിയന്തിര പരിഹാരം വേണമെന്ന കേരള എംപിമാരുടെ ആവശ്യം അംഗീകരിച്ച് വനംപരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേ വിളിച്ചുചേര്‍ത്ത യോഗം ഇന്നു ദില്ലിയില്‍ ചേരും. പശ്ചിമഘട്ടം ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളിലെ അറുപതോളം എംപിമാരാണ് യോഗത്തില്‍ പങ്കെടുക്കുക.
കസ്തൂരി രംഗന് റിപ്പോര്‍ട്ടാണ് നടപ്പാക്കുന്നതെങ്കില്‍ അതിലെ ആശങ്കകള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കുക, അല്ലെങ്കില്‍ പ്രായോഗികമായി പശ്ചിമഘട്ട സംരക്ഷണത്തിനുള്ള നടപടികള്‍ ആലോചിക്കാന്‍ പുതിയൊരു സമിതിക്കു രൂപം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാകും കേരളം മുന്നോട്ടുവയ്ക്കുക.