സ്‌കൂട്ടര്‍ പഠിക്കുന്നതിനിടെ കസ്റ്റഡിയിലെടുത്ത ദളിത് യുവതി വിഷം കഴിച്ച് മരിച്ചു

234

കോഴിക്കോട്: കുറ്റ്യാടിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എക്‌സ് റേ ടെക്‌നീഷ്യന്‍ ആയിരുന്ന ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ആതിരയാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചത്. ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപം പുലര്‍ച്ചെ സഹപ്രവര്‍ത്തകയ്‌ക്കൊപ്പം സ്‌കൂട്ടര്‍ പഠിക്കുന്നതിനിടെയാണ് ആതിരയെയും കൂട്ടുകാരിയെയും രണ്ട് ദിവസം മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആതിരയെയും വയനാട് സ്വദേശിനിയായ സുഹൃത്തിനെയും നൈറ്റ് പട്രോളിങ്ങ് നടത്തുകയായിരുന്ന നാദാപുരം ഡി.വൈ.എസ്.പി കെ ഇസ്മായില്‍ കസ്റ്റഡിയിലെടുത്തത്. ഇവര്‍ ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപത്തെ റോഡില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ജോലി ചെയ്യുന്ന ആശുപത്രി അധികൃതരെ വിളിച്ചു വരുത്തിയ ശേഷം യുവതികളെ വിട്ടയക്കുകയും ഇതിന് ശേഷം ആതിര വിഷം കഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ ആതിര മരിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ട് പോയതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് മരണകാരണമെന്നാണ് ആരോപണം. സംഭവത്തില്‍ അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പരസ്പര വിരൂദ്ധമായി സംസാരിച്ചതിനാലാണ് യുവതിയെ കസ്റ്റഡിയിലെടുത്തതെന്ന് വടകര എസ് പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിപിഎം പ്രാദേശികഘടകം പോലിസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY