കളക്ട്രേറ്റ് വളപ്പിലെ സ്ഫോടനം : പ്രതികളെ എൻഐഎ കസ്റ്റഡിയില്‍ വിട്ടു

184

കൊല്ലം കളക്ടറേറ്റിലും മലപ്പുറം കോടതി വളപ്പിലും സ്ഫോടനം നടത്തിയതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ അഞ്ചു പേരെ കോടതി അടുത്ത മാസം ഒന്പത് വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിലായ കരീമും ദാവൂദും ചേർന്നാണ് കോടതി വളപ്പുകളിൽ ബോംബ് വച്ചതെന്ന് എൻഐഎ വ്യക്തമാക്കി. അറസ്റ്റിലായവരെ കേരളത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
കൊല്ലം, മലപ്പുറം, മൈസൂർ, ചിറ്റൂർ നെല്ലൂർ എന്നിവിടങ്ങളിലുണ്ടായ സ്ഫോടനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച അഞ്ച് പേരെ കഴിഞ്ഞ ദിവസം മധുരയിൽ നിന്നും ചെന്നൈയിൽ നിന്നും ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു.. ഇവരെ ഇന്ന് ബംഗളുരു പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയ അന്വേഷണ സംഘം പത്ത് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി.
കേസുമായി ബന്ധപ്പെട്ട് മധുര, മൈസൂർ, ചെന്നൈ, മലപ്പുറം, കൊല്ലം എന്നിവിടങ്ങളിൽ അറസ്റ്റിലായവരെ കൊണ്ടുപോയി തെളിവെടുക്കേണ്ടതുണ്ടെന്ന് കോടതിയിൽ എൻഐഎ അറിയിച്ചു. ഇതിനിടെ കേസുമായി ബന്ധപ്പെട്ട സത്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്ന് അബ്ബാസ് കോടതിയെ അറിയിച്ചു.. പറയാനുള്ള വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കാൻ ജഡ്ജി മുരളീധര പൈ നിർദ്ദേശിച്ചു. അറസ്റ്റിലായ അബ്ബാസും ഷംസുദ്ദീനും ചേർന്നാണ് ബോംബുകൾ നി‍ർമ്മിച്ചിരുന്നതെന്നും കരീമും ദാവൂദുമാണ് ഇവ കോടതി വളപ്പുകളിൽ സ്ഥാപിച്ചതെന്ന് എൻഐഎ അറിയിച്ചു. കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.. അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നതിനായി കേരള പൊലീസിന്റെ പ്രത്യേക സംഘം ബംഗളുരുവിലെത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY