മാഞ്ഞുപോയ വരകളും ചായങ്ങളും മനസില്‍ വീണ്ടും തെളിഞ്ഞു: ബിനാലെയില്‍ കുടുംബശ്രീ വനിതകള്‍

297

കൊച്ചി: വിവാഹത്തോടെ വരകളുടെയും ചായങ്ങളുടെയും ലോകത്തുനിന്ന് അകന്ന നളിനിയ്ക്ക് നഷ്ടപ്പെട്ട ലോകം തിരിച്ചുകിട്ടിയത് കൊച്ചി-മുസിരിസ് ബിനാലെയില്‍. കാസര്‍കോട്ടുനിന്നുള്ള സി.നളിനിയെന്ന ഈ കുടുംബശ്രീ പ്രവര്‍ത്തകയെപ്പോലെ 42 പേരാണ് ബിനാലെയുടെ ഭാഗമായി നടത്തിയ ‘വരയുടെ പെണ്മ’ ശില്പശാലയില്‍ തങ്ങളുടെ ഇഷ്ടലോകം തേടിയെത്തിയത്.

വിവാഹശേഷം കുടുംബകാര്യങ്ങളില്‍ മുഴുകിയപ്പോഴാണ് തനിക്ക് ഇഷ്ടവിനോദമായ ചിത്രകലയോടു വിടപറയേണ്ടിവന്നതെന്ന് നിറകണ്ണുകളോടെ നളിനി പറഞ്ഞു. ഭാവനയും സര്‍ഗശേഷിയും പിന്നീട് കടലാസില്‍ പോലും കാണാനായില്ല. സ്‌കൂളിലായിരിക്കെ ആവേശപൂര്‍വം ചിത്രകലാമത്സരത്തില്‍ പങ്കെടുത്ത നാളുകളൊക്കെ മറന്നു, നളിനി പറഞ്ഞു.

പക്ഷേ കഴിഞ്ഞ നാലു ദിവസമായി നളിനിയും കൂട്ടുകാരുമൊക്കെ മറ്റൊരു ലോകത്താണ്. ഓരോ ജില്ലയില്‍നിന്നും മൂന്നു പേരുള്ള സംഘമായെത്തിയ ഇവര്‍ക്ക് ബിനാലെയില്‍ നടത്തിയ കോഴ്‌സിന്റെ ഭാഗമായി ചിത്രകലയുടെ സാങ്കേതിക വശങ്ങളും സിദ്ധാന്തങ്ങളുമൊക്കെ സ്വായത്തമാക്കാന്‍ കഴിഞ്ഞു. കുടുംബശ്രീ മിഷന്‍ കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി സഹകരിച്ചു നടത്തിയ സമാനതകളില്ലാത്ത സംരംഭമായ ‘വരയുടെ പെണ്മ’യിലേയ്ക്ക് ഇവരെല്ലാം തെരഞ്ഞെടുക്കപ്പെട്ടത് സ്വന്തം കലാവൈഭവം തെളിയിച്ച ശേഷമാണ്. ബിനാലെയില്‍ പങ്കെടുക്കുന്ന പ്രമുഖ ചിത്രകാരന്‍ സി.ഭാഗ്യനാഥും കളിമണ്‍ ശില്പി കെ.രഘുനാധനുമാണ് ഫോര്‍ട്ട് കൊച്ചിയിലെ ഈ ചതുര്‍ദിന പരിപാടിയില്‍ അവരുടെ അധ്യാപകന്‍.

മകന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് നളിനി പരിശീലനത്തിനെത്തിയത്. ‘അമ്മയുടെ കഴിവ് ഇങ്ങനെ പാഴാക്കരുതെന്നായിരുന്നു അവന്റെ നിലപാട്. 18 വയസില്‍ ഉപേക്ഷിച്ച വരകളിലേയ്ക്കുള്ള തിരിച്ചുപോക്ക് എങ്ങനെയായിരിക്കുമെന്ന് എനിക്ക് അറിവില്ലായിരുന്നു. പക്ഷേ ലോകപ്രശസ്തരായ കലാകാരന്മാരോടൊപ്പം ഇവിടെ നില്‍ക്കുമ്പോള്‍ എന്റെ നഷ്ടബോധമാണ് ഇല്ലാതാകുന്നത്’-നളിനി പറഞ്ഞു. മറ്റുള്ളവര്‍ക്കം ഇതേ അഭിപ്രായം തന്നെ. പേനകൊണ്ട് കടലാസില്‍ കോറിയിടുന്ന വരകള്‍ക്കപ്പുറത്തേയ്ക്ക് മനസിനെ വീണ്ടും കൊണ്ടുപോകാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യമാണ് അവര്‍ക്ക്.

ഏതു മാധ്യമത്തിലും കലയുണ്ടെന്ന് ഇവിടുത്തെ ക്ലാസുകളില്‍നിന്ന് ഞങ്ങള്‍ മനസിലാക്കി. ഇവിടെനിന്ന് പഠിച്ചതൊക്കെ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളുവെന്ന് ഇടുക്കിയിലെ ഒരു ഗ്രാമത്തില്‍ നിന്നെത്തിയ പി.ജെ.ഷൈലജ പറഞ്ഞു. ‘ഇതില്‍നിന്ന് നല്ല ബിസിനസ് മോഡലുകളുണ്ടാക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ കുടുംബശ്രീയോട് പറയും’- അവരുടെ സ്വപ്നങ്ങള്‍ പുതിയ ചക്രവാളങ്ങള്‍ തേടുകയാണ്.
ബിനാലെയുടെ എല്ലാ വേദികളിലുമെത്തി വിശിഷ്ടങ്ങളായ സൃഷ്ടികള്‍ മനസിലാക്കാന്‍ ഈ വനിതകള്‍ മറന്നില്ല. ഏപ്രിലില്‍ പത്തു ദിവസത്തെ ക്യാമ്പിനായി ഇവര്‍ വീണ്ടും കൊച്ചിയിലെത്തും. അന്നത്തെ ഇവരുടെ സൃഷ്ടികള്‍ക്കുമാത്രമായി പെപ്പര്‍ ഹൗസില്‍ പ്രദര്‍ശനം നടത്താനാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഉദ്ദേശിക്കുന്നത്. മാത്രമല്ല, ഇതര മാധ്യമങ്ങളുപയോഗിച്ച് ഇവര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുന്നതിന് ചെറിയ ശില്പശാലകള്‍ നടത്താനും ഉദ്ദേശിക്കുന്നുണ്ടെന്ന് ‘വരയുടെ പെണ്മ’ ഏകോപിപ്പിക്കുന്ന മനു ജോസ് പറഞ്ഞു.

ഞങ്ങള്‍ക്കുള്ളില്‍ കലയുള്ളതുകൊണ്ടാണ് ഇവിടെ എത്താന്‍ കഴിഞ്ഞതെന്ന് എറണാകുളത്തുകാരിയായ കനക ശിവദാസ് അഭിമാനത്തോടെ പറഞ്ഞു. ആ കല പോഷിപ്പിക്കാന്‍ മാത്രമല്ല, അതിന്റെ പുതിയ കാഴ്ചപ്പാടുകള്‍ മനസിലാക്കാനുമായി, അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വനിതകളുടെ വരകളും ചിത്രങ്ങളുമൊക്കെ അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും, എന്തിന് കുടുംബാംഗങ്ങള്‍ക്കുപോലും തമാശയായിരുന്നുവെന്ന് അവര്‍ പറഞ്ഞിട്ടുണ്ടെന്ന് ഭാഗ്യനാഥ് വിവരിക്കുന്നു. ഇതാണ് അവരെ ഇഷ്ട വിനോദത്തില്‍നിന്ന് അകറ്റിയത്. കലാസൃഷ്ടികള്‍ക്ക് അതിരുകള്‍ നിര്‍ണയിക്കപ്പെട്ടിട്ടില്ലെന്ന് ഈ ശില്പശാല അവരെ പഠിപ്പിച്ചു. ഇവിടത്തെ അനുഭവങ്ങള്‍ അവരുടെ ചിന്താഗതികള്‍ മാറ്റിമറിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടുംബശ്രീ, സ്ത്രീകളുടെ പ്രസ്ഥാനമായതുകൊണ്ടുതന്നെ കലയുടെ പ്രാധാന്യമെന്തെന്ന് കുട്ടികളയും കുടംബത്തെയും പഠിപ്പിക്കാന്‍ കഴിയുമെന്ന് തിരുവനന്തപുരം സ്വദേശിയായ എസ്.ദീജ പറഞ്ഞു. കലയെയും സംസ്‌കാരത്തെയും കുറിച്ച് ബോധമുള്ള തലമുറയെ സൃഷ്ടിക്കാനും തങ്ങള്‍ക്കാവുമെന്നും ദീജ ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY